KSDLIVENEWS

Real news for everyone

വിദ്യ ഹോസ്റ്റലിൽ ഒളിവിലെന്ന് KSU, വ്യാജരേഖ കണ്ടെത്താൻ പോലീസ് കാസർകോട്ടേക്ക്; എങ്ങുമെത്താതെ അന്വേഷണം

SHARE THIS ON

അഗളി: എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അഗളി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യ ഒളിവിലെന്നാണ് പോലീസ് നൽകുന്ന വിവരം. വിദ്യ ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം. എന്നാൽ കേസെടുത്ത ശേഷം ചോദ്യംചെയ്യാൻ പോലും തയ്യാറാകാതെ പോലീസ് മെല്ലെപ്പോക്ക് നയം തുടരുകയാണ്. അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജിൽ ഹാജരാക്കിയ വ്യാജരേഖകൾ കണ്ടെത്താൻ അഗളി പോലീസ് കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവരുന്നത്. എന്നാൽ തുടക്കം മുതൽക്ക് തന്നെ സാങ്കേതിക പ്രശ്നം പറഞ്ഞ് പോലീസ് കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നുള്ള പരാതി എറണാകുളം പോലീസിലാണ് ലഭിക്കുന്നത്. കേസ് അഗളി പോലീസിൽ കൈമാറുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് അഗളി പോലീസിന് എറണാകുളം പോലീസ് കേസ് കൈമാറിയത്. ഇതിനിടെ വിദ്യയെ കണ്ടെത്തി ചോദ്യംചെയ്യാനോ വിളിച്ചു വരുത്താനുള്ള നടപടിയോ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന കാര്യം വ്യക്തമാണ്. വ്യാഴാഴ്ചയാണ് അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി സി.ഐ. കെ. സലീം കോളേജിലെത്തി പ്രാഥമികാന്വേഷണം നടത്തി. ഈ മാസം രണ്ടിന് മലയാളം ഗസ്റ്റ് അധ്യാപക നിയമനാഭിമുഖത്തിന് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നും അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പ്രിൻസിപ്പൽ അഗളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ അവധിയിലായതിനാൽ ചുമതലയുള്ള കെ.ആർ. മലർചിത്ര, മലയാളം വകുപ്പുമേധാവി പ്രീതമോൾ, ഹെഡ് അക്കൗണ്ടന്റ് മധുസൂദനൻ എന്നിവരുമായി സി.ഐ. ചർച്ച നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ കോളേജിൽനിന്നു നഷ്ടപ്പെടരുതെന്നു സി.ഐ. നിർദേശം നൽകി. ചൊവ്വാഴ്ച മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിദ്യയ്ക്കെതിരേ പരാതി നൽകിയിരുന്നു. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന സർട്ടിഫിക്കറ്റാണ് വിദ്യ അട്ടപ്പാടി ആർ.ജി.എം. കോളേജിൽ സമർപ്പിച്ചത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!