ഒടുവിൽ ജനറൽ കാസർകോട് ആശുപത്രിയിലെ കേടായ ലിഫ്റ്റ് നന്നാക്കൽ തുടങ്ങി

കാസർകോട് ∙ മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് നവീകരണത്തിനുള്ള പണി തുടങ്ങി. റാംപ് ഇല്ലാത്ത 7 നില കെട്ടിടത്തിലെ ജനറൽ ആശുപത്രിയിൽ വലിയ ലിഫ്റ്റ് കേടായി 3 മാസത്തോളമായി. പുറമേ നിന്നുള്ള ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയായിരുന്നു ഒരു മാസത്തിലേറെയായി രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. മൃതദേഹം ഇറക്കിയതും ഇവരുടെ സഹായത്തോടെയായിരുന്നു. പിന്നീട് ഇതിന് ആശുപത്രി അധികൃതർ നിയോഗിച്ച താൽക്കാലിക ജീവനക്കാരുടെ സേവനം ലഭിച്ചു തുടങ്ങി. മാധ്യമങ്ങളും എംഎൽഎയും ആരോഗ്യമന്ത്രിയും ജില്ലാ നിയമസേവന അതോറിറ്റിയും ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണു ലിഫ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനു തീരുമാനമായത്. മേയ് ആദ്യവാരമാണ് ലിഫ്റ്റ് നവീകരിക്കുന്നതിന് എറണാകുളം ഇൻഫ്ര ഇലവറ്റേഴ്സിന് വർക്ക് ഓർഡർ നൽകിയത്. 14 ലക്ഷം രൂപയാണു ചെലവ്. കേടായ ലിഫ്റ്റ് നീക്കം ചെയ്തു വേണം പുതിയതു സ്ഥാപിക്കാൻ. ഇതിനുള്ള പ്രവൃത്തി ഇന്നലെ രാവിലെ തുടങ്ങി. പുതിയ ലിഫ്റ്റ് സ്ഥാപിക്കൽ ജോലി 20 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ഇവർ ഉറപ്പു നൽകിയതായി അധികൃതർ പറഞ്ഞു.

