സൈബർ സെൽ സഹായത്തോടെ ജില്ലയിൽ കണ്ടെത്തിയത് കാണാതായ 1004 ഫോണുകൾ

കാസർകോട് ∙ 2022-23 വർഷത്തിൽ കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കണ്ടെത്താനായത് 1004 ഫോണുകൾ. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ ചുമതല വഹിക്കുന്ന ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ നായർ, സൈബർ പൊലീസ് ഇൻസ്പെക്ടർ പി.നാരായണൻ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ സെൽ എസ്ഐ പി.കെ.അജിത്ത്, സിപിഒ സി.സജേഷ് എന്നിവരുടെ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും സൈബർ സെല്ലിലും ലഭിക്കുന്ന പരാതികളിൽ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുന്നതിലും അത് ഉടമയ്ക്ക് വീണ്ടെടുത്ത് നൽകുന്നതിലും മികച്ച പ്രകടനമാണ് സൈബർ സെൽ നടത്തിവരുന്നത്.

