KSDLIVENEWS

Real news for everyone

വീണ്ടും നുണ: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ‘ഒളിവിലായ മുസ്‍ലിം സ്റ്റേഷന്‍ മാസ്റ്റര്‍’ മദ്റസയില്‍നിന്ന് പിടിയിലായെന്ന് പ്രചാരണം; പ്രചരിക്കുന്ന വീഡിയോയിൽ സത്യമില്ല

SHARE THIS ON

ഭൂവനേശ്വര്‍: മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ബാലസോര്‍ ട്രെയിൻ ദുരന്തത്തില്‍ വീണ്ടും നുണ പ്രചരിപ്പിച്ച്‌ സംഘ്പരിവാര്‍ അനുകൂല ഹിന്ദുത്വ ഓണ്‍ലൈൻ അക്കൗണ്ടുകള്‍.

അപകടക്കേസിലെ മുഖ്യപ്രതിയും ബഹനാഗ സ്റ്റേഷൻ മാസ്റ്ററുമായ മുഹമ്മദ് ഷെരീഫിനെ പശ്ചിമ ബംഗാളിലെ ഒരു മദ്സയില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടി’ എന്നാണ് പുതിയ പ്രചരണം.

നഗ്നനായ ഒരാളെ കൈകള്‍ പിന്നിലേക്കാക്കി കൈവിലങ്ങിട്ട് വലിയ മരത്തടി കൊണ്ട് മര്‍ദിക്കുന്ന വീഡിയോയും ഇതിന്റെ കൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതാണ് ‘സ്റ്റേഷൻ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്’ എന്നാണ് പറയുന്നത്. ഷരീഫ് പശ്ചിമ ബംഗാളിലെ മദ്റസയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും അവിടെനിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ അവകാശപ്പെട്ടു. ട്വിറ്ററിലും ഫേസ്ബുക്കിലും പ്രസ്തുത വിഡിയോ വൈറലാണ്.

കള്ളം, പച്ചക്കള്ളം

വിഡിയോയെ കുറിച്ച്‌ വസ്തുതാന്വേഷണ പോര്‍ട്ടലായ ‘ആള്‍ട്ട് ന്യൂസ്’ നടത്തിയ അന്വേഷണത്തില്‍ ഇത് സര്‍വത്ര വ്യാജമാണെന്ന് കണ്ടെത്തി. ഒന്നാമതായി, ബഹനാഗ റെയില്‍വെ സ്റ്റേഷനില്‍ മുഹമ്മദ് ഷെരീഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ല. രണ്ടാമതായി ഈ വിഡിയോയില്‍ ഒരാള്‍ അടി എണ്ണുന്നത് കേള്‍ക്കാം. സ്പാനിഷ് ഭാഷയില്‍ “…അഞ്ച്, നാല്, മൂന്ന്…” എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലല്ല ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വീഡിയോയുടെ കീ-ഫ്രെയിം റിവേഴ്സ് ഇമേജ് തിരയലില്‍ വൈറലായ വീഡിയോയുടെ നിരവധി ദൃശ്യങ്ങള്‍ ആള്‍ട്ട് ന്യൂസ് കണ്ടെത്തി. രണ്ട് വര്‍ഷം മുമ്ബ് അപ്‌ലോഡ് ചെയ്‌തതാണ് ഈ സംഭവം. ഇതിന്റെ മുഴുസമയ വിഡിയോയില്‍ കൈ വിലങ്ങുവെച്ച മനുഷ്യനും മുറിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും തമ്മില്‍ സ്പാനിഷില്‍ ഭാഷയില്‍ സംസാരിക്കുന്നതും കേള്‍ക്കാം. മോഷണത്തിന്റെ പേരില്‍ പിടിയിലായ ആളെയാണ് തുണിയുരിഞ്ഞ് മര്‍ദിക്കുന്നതെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തിന് ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധമില്ലെന്നത് പകല്‍ പോലെ വ്യക്തം.

ബഹനാഗ ബസാര്‍ റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷൻ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ് അപകടത്തിന് ശേഷം ഒളിവിലാണെന്ന തരത്തില്‍ നേരത്തെയും വയാജവാര്‍ത്ത വൈറലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റര്‍ എസ്ബി മൊഹന്തി അപകടശേഷം ഒളിവില്‍പോയി എന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിച്ചതായി അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഷരീഫ് എന്ന പേരില്‍ സംഘ്പരിവാറുകാര്‍ പ്രചരിപ്പിച്ച ചിത്രം 2004 മാര്‍ച്ചില്‍ ഒരു ബ്ലോഗില്‍ വന്ന മറ്റൊരാളുടെ ചിത്രമാണെന്നും കണ്ടെത്തിയിരുന്നു. ബോറ ഗുഹാലു റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ചിത്രമാണ് ഇത്.

ബഹനാഗ റെയില്‍വേ ജീവനക്കാരില്‍ ചിലര്‍ ഒളിവിലാണെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാജമാണെന്നും എല്ലാ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസര്‍ ആദിത്യ ചൗധരി തന്നെ രംഗത്തെത്തിയിരുന്നു.

ഇത് നാലാമത്തെ വ്യാജപ്രചാരണം

ജൂണ്‍ രണ്ടിനാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 300 ഓളം പേര്‍ മരിക്കുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ചെന്നൈയിലേക്കുള്ള ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പെട്ടത്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണിലെ ഖരഗ്പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂര്‍-പുരി പാതയില്‍ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഇതിന് പിന്നാലെ നാല് വൻ കള്ളങ്ങളാണ് മുസ്‍ലിംകളെ കരുവാക്കി സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്.

കള്ളം ഒന്ന്: ‘സമീപത്ത് മുസ്‍ലിം പള്ളിയുണ്ട്, അപകടം സംശയാസ്പദം’

അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാണെന്നുമാണ് ആദ്യം പ്രചരിപ്പിച്ചത്. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോ മാര്‍ക്ക് നല്‍കിയ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. എന്നാല്‍, അത് പള്ളിയല്ലെന്നും ഇസ്കോണ്‍ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് തെളിയിച്ചു.

കള്ളം രണ്ട്: ‘സ്റ്റേഷൻ മാസ്റ്റര്‍ ‘ഷരീഫ്’ ഒളിവില്‍’

മുസ്‍ലിം പള്ളി എന്ന കള്ളം പൊളിഞ്ഞതോടെ അടുത്ത നുണയുമായി ഇവര്‍ രംഗത്തെത്തി. ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ അപകടത്തിന് പിന്നാലെ ഒളിവിലാണെന്നായിരുന്നു പുതിയ പ്രചാരണം. എന്നാല്‍ ഇങ്ങനെയൊരാള്‍ ആ സ്റ്റേഷനില്‍ ജോലി ചെയ്യുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് അന്വേഷണം നടത്തി വ്യക്തമാക്കി.

”പേര് ഷെരീഫ്. പോസ്റ്റ് – സ്റ്റേഷൻ മാസ്റ്റര്‍. നിലവില്‍ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഒളിവിലാണ്. ഇനി മുതല്‍ ജോലി നല്‍കുന്നതിന് മുമ്ബ് പേര് പരിശോധിക്കേണ്ടതുണ്ട്” -എന്നായിരുന്നു ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള രാഷ്ട്രവാദി ഹിന്ദു മഹാസഭ തലവനായ വിവേക് പാണ്ഡെ (@vivekpandeyvns_) എന്നയാളുടെ ട്വീറ്റ്. ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള ബി.ജെ.പി ഖൈര്‍ മണ്ഡലം ഐ.ടി സെല്‍ മേധാവിയായ മാനവ് എന്നയാളും ജൂണ്‍ 4 ന് സമാനമായ പ്രചാരണം ട്വീറ്റ് ചെയ്തു. സ്റ്റേഷൻ മാസ്റ്ററെന്ന് കരുതപ്പെടുന്ന ‘ഷരീഫി’ന്റെ ചിത്രവും ചേര്‍ത്താണ് ഇയാളുടെ പോസ്റ്റ്: “അന്വേഷണത്തിന് ഉത്തരവിട്ട ശേഷം ‘ഷരീഫ്’ എന്ന സ്റ്റേഷൻ മാസ്റ്ററെ കാണാതായോ? ഇതാണ് ഈ സമൂഹത്തിന്റെ പ്രശ്നം. #BalasoreTrainAccident #TrainAccident.”-എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍, ‘സ്റ്റേഷൻ മാസ്റ്റര്‍ ഷരീഫ്’ എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷൻ ജീവനക്കാരുടെ പേര് വിവരം ആള്‍ട്ട് ന്യൂസ് ശേഖരിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് പുറത്ത് തൂക്കിയിട്ട ജീവനക്കാരുടെ പേര് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡിന്റെ ഫോട്ടോ അടക്കം ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ഷരീഫ് എന്ന് ആരും ഉണ്ടായിരുന്നില്ല.

കള്ളം മൂന്ന്: മുസ്‍ലിമായ ജൂനിയര്‍ എൻജിനീയര്‍ ഒളിവില്‍

അമീര്‍ ഖാൻ എന്ന് പേരുള്ള റെയില്‍വെയിലെ മുസ്‍ലിമായ ജൂനിയര്‍ എൻജിനീയര്‍ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് തീവ്ര വലതുപക്ഷ പ്രചാരകരും സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാല്‍, ഇത് നുണയാണെന്നും ജീവനക്കാരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

‘ബഹനാഗ റെയില്‍വെ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി അവര്‍ ഏജൻസിക്ക് മുന്നില്‍ ഹാജരാകുന്നുമുണ്ട്’ -സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സി.പി.ആര്‍.ഒ ആദിത്യ കുമാര്‍ ചൗധരി എ.എൻ.ഐ വാര്‍ത്താ ഏജൻസിക്ക് നല്‍കിയ വിഡിയോയില്‍ പറഞ്ഞു.

ഇതിന് പുറമെയാണ് ഇപ്പോള്‍ പ്രതിയെ മദ്റസയില്‍നിന്ന് പിടികൂടിയെന്ന തരത്തില്‍ അടുത്ത കള്ളവും പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!