മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവേ പത്രത്തിൽ കാർട്ടൂൺ: വംശീയാധിക്ഷേപമെന്ന് വിമർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിലെ പത്രം വിവാദത്തിൽ. ആഫ്റ്റൻപോസ്റ്റൻ എന്ന പത്രത്തിൽ ഇന്ത്യൻ വിദേശനയം സംബന്ധിച്ച് ‘സമർഥനും അൽപം ശല്യക്കാരനുമായ ആൾ’ എന്ന തലക്കെട്ടിൽ ഫ്രാങ്ക് റോസ്വികിൻ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാർട്ടൂണിൽ, പാമ്പിൻ കൂടയിൽനിന്ന് പാമ്പിനു പകരം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയർന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കാർട്ടൂൺ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് വിമർശനമുയർന്നു. ഇന്ത്യയോടും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാർട്ടൂൺ എന്ന് പലരും കുറിച്ചു. യുറോപ്പിലുള്ളവർ ഇപ്പോഴും കൊളോണിയൽ ഫാന്റസിയിൽനിന്ന് പുറത്തുകടന്നിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
നോർവേ സന്ദർശനത്തിനിടെ അവിടുത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് മോദി ഒഴിഞ്ഞുമാറിയെന്ന ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. നോർവേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്ക് മോദി എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകയായ ഹെല്ല ലിങ് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം. എന്നാൽ, പ്രധാനമന്ത്രി മറുപടിയ പറയാതെ നടന്നകലുകയായിരുന്നു. ചോദ്യം ചോദിക്കുന്ന വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ മലയാളിയായ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് മോദിക്കെതിരായ ആരോപണത്തിന് മറുപടിനൽകി. നൂറുകണക്കിന് മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, വിദേശ എൻ.ജി.ഒകളുടെ റിപ്പോർട്ടുകൾ വായിച്ചാണ് നോർവേയിലെ മാധ്യമങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

