കർഷകർക്ക് കണ്ണീർമഴ ; കനത്ത മഴയിൽ ജില്ലയിൽ 2.79 കോടിയുടെ കൃഷിനാശം

കാസർകോട് ∙ കനത്ത മഴയിൽ ഇതുവരെ ജില്ലയിൽ 2.79 കോടിയുടെ കൃഷിനാശം. 162.35 ഹെക്ടർ സ്ഥലത്തു നിന്ന് 3190 കർഷകർക്ക് നഷ്ടങ്ങളുണ്ടായി. കൃഷി നാശമുണ്ടായി 10 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മതിയെന്നതിനാൽ വരുംദിവസങ്ങളിൽ ഇതിന്റെ അളവ് കൂടാനിടയുണ്ട്. കമുക്, വാഴ കർഷകരെയാണ് മഴ കൂടുതൽ ബാധിച്ചത്. ജൂൺ മാസത്തിൽ മഴ താരതമ്യേന കുറവായതിനാൽ കർഷകരെ അത്ര ബാധിച്ചിരുന്നില്ല. മഴ വൈകുന്നതു മൂലം ജൂണിൽ പോലും തോട്ടം നനയ്ക്കാൻ കർഷകർ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയാണ് സ്ഥിതി വഷളാക്കിയത്. നീലേശ്വരം ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.
കമുക്, വാഴ
∙ 1312 കർഷകരുടെ 67 ഹെക്ടർ സ്ഥലത്തെ 11,823 കമുക് മഴയിൽ നശിച്ചെന്നാണ് പ്രാഥമിക കണക്കുകൾ. വാഴ കർഷകരെയും മഴ ഗുരുതരമായി ബാധിച്ചു. 9148 കുലച്ച വാഴകളും 3903 കുലയ്ക്കാത്തവയും നശിച്ചു. 681 കർഷകർക്ക് 70.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വരൾച്ചയുടെ പ്രശ്നങ്ങൾ ബാധിച്ച വാഴ കർഷകർക്ക് ഇത് വലിയ പ്രഹരമായി മാറി.
തെങ്ങ്, റബർ
∙ 60 ഹെക്ടറിലേറെ സ്ഥലത്തു നിന്നായി 943 കർഷകരുടെ 3072 തെങ്ങുകളും നശിച്ചിട്ടുണ്ട്. 73 റബർ കർഷകർക്ക് 12 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടങ്ങളുണ്ടായി.
ജൂൺ 1 മുതൽ ഈ മാസം 7 വരെയുള്ള കൃഷിനാശം
ബ്ലോക്ക്, സ്ഥല വിസ്തീർണം(ഹെക്ടറിൽ),
ബാധിച്ച കർഷകർ, ഏകദേശ നഷ്ടം എന്ന ക്രമത്തിൽ
കാഞ്ഞങ്ങാട്– 18.65, 831, 56.68 ലക്ഷം
കാറഡുക്ക– 4.92, 181, 15.57 ലക്ഷം
കാസർകോട്– 96, 1051, 41.07 ലക്ഷം
മഞ്ചേശ്വരം– 17.886, 406, 73.96 ലക്ഷം
നീലേശ്വരം– 23.83, 630, 88.28 ലക്ഷം
പരപ്പ– 1.07, 91, 4.04 ലക്ഷം
ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത് 230 വാഴകളാണ്. സ്വകാര്യ വ്യക്തിയുടെയും എന്റെയും സ്ഥലത്ത് ഉപജീവനമാർഗം എന്ന നിലയിലാണ് വാഴക്കൃഷി തുടങ്ങിയത്. ഭാര്യ കമലാക്ഷി കുടുംബശ്രീ, ധനശ്രീ എന്നിവിടങ്ങളിൽ വായ്പ എടുത്താണ് കൃഷി തുടങ്ങിയത്. ഇപ്പോൾ എല്ലാം തകർന്നിരിക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ഈ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ വാഴക്കൃഷി നശിച്ചിട്ടുണ്ട്. അർഹമായ ആനുകൂല്യം സർക്കാരിന്റെ ഭാഗത്ത് നിന്നു ലഭ്യമാക്കണം – എം.ബാലകൃഷ്ണൻ, അടുക്കത്തുവയൽ, പൊയിനാച്ചി
ഇക്കുറി ജൂൺ അവസാനം വരെയുമുണ്ടായ പൊരിവെയിലും തുടർന്നു പെയ്യുന്ന പെരുമഴയുമെല്ലാം നെൽക്കൃഷി അവതാളത്തിലാക്കുമെന്നുറപ്പാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിലും തൊട്ടുനിൽക്കുന്ന നീലേശ്വരം നഗരസഭയിലുമെല്ലാമായി തേജസ്വിനിക്കരയിലെ വലുതും ചെറുതുമായ പാടശേഖരങ്ങളിലെല്ലാം അതിന്റെ സൂചനകൾ ദൃശ്യമാണ്. ഒറ്റവിളയെടുക്കുന്ന പാടശേഖരങ്ങളാണ് ഇതിൽ പലതും. ഇക്കുറി പതിവുരീതിയിൽ പാടം ഉഴുതു മറിച്ചു വിത്തിടാനൊന്നും കർഷകർക്കു സാധിച്ചില്ല. വിത്തിട്ട സ്ഥലങ്ങളിലാകട്ടെ ഇതു പ്രാവുകൾ കൂട്ടത്തോടെ പറന്നിറങ്ങി കൊത്തിയെടുക്കുകയും ചെയ്തു. മഴ തുടങ്ങിയതോടെ പാടശേഖരങ്ങൾ വെള്ളത്തിനടിയിലുമാണ് -പാറക്കോൽ രാജൻ, കർഷകൻ

