KSDLIVENEWS

Real news for everyone

യോഗ്യത അഞ്ചാംക്ലാസ്, വൈവാഹിക സൈറ്റിൽ ഡോക്ടർ! വിവാഹം കഴിച്ചത് 15 സ്ത്രീകളെ; വ്യാജ ക്ലിനിക്കും

SHARE THIS ON

മൈസൂരു: ആറുവര്‍ഷത്തിനിടെ 15-ഓളം സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. ബെംഗളൂരു ബാനശങ്കരി സ്വദേശിയായ കെ.ബി. മഹേഷി(35)നെയാണ് കര്‍ണാടകയിലെ തുമകുരുവില്‍നിന്ന് മൈസൂരു പോലീസ് പിടികൂടിയത്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിച്ചെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമുള്ള ടെക്കി യുവതിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. അഞ്ചാംക്ലാസ് വിദ്യാഭ്യാസമുള്ള മഹേഷ്, ഡോക്ടറാണെന്നും എന്‍ജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മിക്ക മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലും ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ഉയര്‍ന്ന ജോലിയും സാമ്പത്തികവുമുള്ള സ്ത്രീകളെ വിവാഹം ആലോചിക്കും. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാള്‍ മിക്കപ്പോഴും ലക്ഷ്യമിട്ടിരുന്നത്. കര്‍ണാടകയിലും സംസ്ഥാനത്തിന് പുറത്തും ജോലിചെയ്യുകയാണെന്ന് ഇവരെ വിശ്വസിപ്പിക്കും. കൂടുതല്‍ വിശ്വാസത്തിനായി തുമകുരുവില്‍ ഒരു വ്യാജ ക്ലിനിക്കും ഇയാള്‍ ഒരുക്കിയിരുന്നു. ഇതിനായി ഒരു നഴ്‌സിനെയും ഇവിടെ ജോലിക്ക് നിയമിച്ചു. തുടര്‍ന്ന് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ വിവാഹം ഉറപ്പിക്കും. എന്നാല്‍, വിവാഹശേഷം ഇവരില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. ഇതുവരെ 15-ഓളം സ്ത്രീകളെ മഹേഷ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവരെല്ലാം ഉയര്‍ന്ന ജോലിയുള്ളവരും ഉന്നതകുടുംബങ്ങളില്‍പ്പെട്ടവരുമാണ്. അതിനാല്‍തന്നെ മഹേഷിന്റെ തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നാണക്കേട് ഭയന്ന് ഇവരാരും പരാതി നല്‍കിയിരുന്നില്ല. ഉന്നതകുടുംബങ്ങളിലുള്ളവര്‍ നാണക്കേട് കാരണം തനിക്കെതിരേ പരാതി നല്‍കില്ലെന്ന ആത്മവിശ്വാസമാണ് ഇയാളെ വിവാഹത്തട്ടിപ്പ് തുടരാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!