7 കിലോ സ്വര്‍ണം, 600 കിലോ വെള്ളി, 11344 സാരി, 91 വാച്ചുകള്‍…; 20 വര്‍ഷമായി ജയലളിതയുടെ ‘നിധി’ വിധാന്‍സൗധയില്‍

ബെംഗളൂരു: കഴിഞ്ഞ 20 വര്‍ഷമായി അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കര്‍ണാടക നിയമസഭയായ വിധാൻസൗധയില്‍. ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വര്‍ണ-വജ്ര ആഭരണങ്ങള്‍ അടക്കം നിരവധ ആഡംബര വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങള്‍, 11344 സാരികള്‍, 250 ഷോളുകള്‍, 750 ചെരുപ്പുകള്‍, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ എന്നിവയാണ് ജയലളിതയുടെ വസതിയില്‍ നിന്ന് അന്ന് പിടിച്ചെടുത്തത്. പിന്നീട് വിധാൻസൗധയിലാണ് സൂക്ഷിച്ചത്. ഇത്രയും മൂല്യമുള്ള സ്വത്തില്‍ കണ്ണുവെച്ച് ബന്ധുക്കളായ ദീപയും ദീപകും രംഗത്തെത്തിയിരിക്കുകയാണ്. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വത്ത് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ ബെംഗളൂരു പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളി. ഇതോടെ ഇവരുടെ നീക്കത്തിന് തിരിച്ചടിയായി. പ്രത്യേക കോടതി ഹര്‍ജി തള്ളിയതിനെതിരെ ഇവര്‍ നിയമപോരാട്ടം തുടര്‍ന്നേക്കും. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിതയില്‍നിന്ന് സ്വര്‍ണവും വജ്രവും വെള്ളിയുമടക്കം പിടിച്ചെടുത്തത്. ഇതെല്ലാം അനധികൃത സ്വത്ത് സമ്ബാദനത്തിലൂടെ നേടിയതാണെന്നായിരുന്നു കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതിനാല്‍ സ്വത്തുക്കള്‍ പ്രതിയുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചതാണ് ബന്ധുക്കളായ ദീപക്കും ദീപക്കിനും തിരിച്ചടിയായത്. ജലയളിതയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വസ്തുക്കള്‍ അനന്തരാവകാശികള്‍ക്ക് നല്‍കുന്നതിനെ ആന്‍റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിര്‍ത്തു. സ്വത്തുക്കള്‍ സമ്ബാദിച്ചത് അനധികൃതമായതിനാല്‍ പരമ്ബാരഗത സ്വത്തുപോലെ കൈമാറാനാകില്ലെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് ഹര്‍ജി പ്രത്യേക കോടതി തള്ളിയത്. നേരത്തെ ജയലളിതയുടെ അനന്തരാവകാശികളായി ദീപയെയും ദീപക്കിനെയും അംഗീകരിച്ചിരുന്നു.

