KSDLIVENEWS

Real news for everyone

ദൂതനായി കെ.വി.തോമസ്, ബദൽ നിർദേശവുമായി ശ്രീധരൻ; ഡൽഹിയിൽ ജീവൻവച്ച് വേഗ റെയിൽ

SHARE THIS ON

തിരുവനന്തപുരം ∙ ‘ഡൽഹിയിൽ രാഷ്ട്രീയ തീരുമാനമുണ്ടാകണം’– സിൽവർലൈൻ പദ്ധതിക്കു കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ അകത്തളങ്ങളിൽ പറഞ്ഞുകേട്ടത് ഇതായിരുന്നു. പദ്ധതിയുടെ അപ്രായോഗികതയും ഡിപിആറിലെ പിഴവുമൊക്കെ റെയിൽവേ മന്ത്രാലയം പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും രാഷ്ട്രീയ തീരുമാനത്തിനുവേണ്ടിയാണു സർക്കാർ കാത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായി കെ.വി.തോമസിന്റെ സന്ദർശനവും ഇ.ശ്രീധരന്റെ ബദൽ നിർദേശവും ബിജെപി സംസ്ഥാന നേതൃത്വം തിടുക്കപ്പെട്ടു നൽകിയ പിന്തുണയുമെല്ലാം ഡൽഹിയിലെ ആ ‘രാഷ്ട്രീയ തീരുമാന’ത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.  KERALA ഐസിയുവിൽ ലൈംഗികാതിക്രമം: ‘4 മാസത്തിനിടെ കയറിയത് 50 ഓഫിസ്, ഇതാണോ സ്ത്രീ സുരക്ഷ?’ ബിജെപി പിന്തുണയോടെ ഒരു ബദൽ വേഗറെയിൽ നിർദേശം അവതരിപ്പിക്കപ്പെടുമ്പോൾ അതിനു കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടാകും എന്നു തന്നെയാണ് അനുമാനം. ഇതുവരെ സിൽവർലൈൻ വിരുദ്ധരായിരുന്ന ബിജെപി, പുതിയ വേഗറെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നതു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം കേരളത്തിൽ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാം. വേഗറെയിൽ പദ്ധതിയുടെ എതിർപക്ഷത്തു യുഡിഎഫും ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതിവാദികളും ഒരു സംഘം ബുദ്ധിജീവികളുമെന്ന നിലയാകും.  ഒരു വർഷമായി മരവിച്ച സിൽവർലൈൻ പദ്ധതിയെക്കുറിച്ചു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരു പരാമർശവുമുണ്ടായിരുന്നില്ല. എന്നാൽ ഒരു മാസം മുൻപു നടത്തിയ യുഎസ് സന്ദർശനത്തിൽ മുഖ്യമന്ത്രി വീണ്ടും സിൽവർലൈൻ സജീവമാക്കി. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധി കെ.വി.തോമസ് നടത്തിയ ചില ഇടപെടലുകൾ ഇതിനു ധൈര്യം നൽകിയെന്നു കരുതണം. ഡൽഹിയിലെ നിർദേശപ്രകാരമാണു കെ.വി.തോമസ് ശ്രീധരന്റെ അടുത്തേക്കെത്തിയതും. ശ്രീധരന്റെ ബദൽനിർദേശം ചർച്ചയായതോടെ, ഒട്ടും മടിക്കാതെ ബിജെപി പിന്തുണയുമായെത്തുകയായിരുന്നു. ബദൽ നിർദേശം ശ്രീധരൻ നേരത്തേ മുന്നോട്ടുവച്ചതാണെന്നും റെയിൽവേ വിഷയത്തിൽ ശ്രീധരനാണു കേരളത്തിലെ ബിജെപിയുടെ മാർഗദർശിയെന്നുമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യായീകരിച്ചത്. ഒരു പേജ് കുറിപ്പു മാത്രമുള്ള പദ്ധതിയെയാണ് വിശദാംശങ്ങളറിയുന്നതിനു മുൻപു ബിജെപി പിന്തുണച്ചത്.  പുതിയ നിർദേശത്തോടു പഠിച്ചശേഷം മതി പ്രതികരണമെന്നാണു പ്രതിപക്ഷത്തിന്റെ സമീപനം. പുതിയ പദ്ധതിയിൽ ഭൂമിയേറ്റെടുക്കൽ കുറഞ്ഞേക്കാമെങ്കിലും സാമ്പത്തികബാധ്യത ഉയരുമെന്നാണു നിഗമനം. ഡൽഹിയിൽ ചില ധാരണകൾ രൂപപ്പെട്ടെന്ന സംശയവും പ്രതിപക്ഷം പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!