കര്‍ണാടക ആരോഗ്യമന്ത്രിയെ മാറ്റി; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി

ബെംഗളൂരു; കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നേതാവാണ് സുധാകർ. സാമൂഹ്യക്ഷേമ വകുപ്പാണ് തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിൽ ശ്രീരാമലുവിന് നൽകിയിട്ടുള്ളത്.
ആരോഗ്യ മന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ട്വീറ്റ് ചെയ്തു. കർണാടക സർക്കാരിന്റെ കഴിവുകേട് മൂലമാണ് സംസ്ഥാനത്ത് നിരവധി പേർക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലെ കോവിഡ് മരണ നിരക്ക് കുറച്ചുകൊണ്ടുവരിക എന്നതിനാവും താൻ പ്രഥമ പരിഗണന നൽകുകയെന്ന് നിയുക്ത ആരോഗ്യമന്ത്രി ഡോ. കെ സുധാകർ വ്യക്തമാക്കി. കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. അയൽ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാർജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

