KSDLIVENEWS

Real news for everyone

ബാഴ്‌സയിലെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ജോര്‍ഡി ആല്‍ബയും ഇന്റര്‍ മയാമിയിലേക്ക്

SHARE THIS ON

ഫ്‌ളോറിഡ: മുന്‍ ബാഴ്‌സലോണ താരം ജോര്‍ഡി ആല്‍ബയും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക്. ക്ലബ്ബിന്‌റെ സഹ ഉടമ ജോര്‍ജ് മാസ് ചൊവ്വാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ മുന്‍ ബാഴ്‌സ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവര്‍ക്കൊപ്പം ആല്‍ബയും ഇന്റര്‍ മയാമിക്കായി പന്ത് തട്ടും. 11 വര്‍ഷം ബാഴ്‌സയ്ക്കായി കളിച്ച താരം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ക്ലബ്ബ് വിട്ടത്. 2012-ല്‍ വലന്‍സിയയില്‍ നിന്നാണ് ആല്‍ബ ബാഴ്‌സയിലെത്തുന്നത്. തുടര്‍ന്ന് ആറ് ലാ ലിഗ കിരീടങ്ങളിലും അഞ്ച് കോപ്പ ഡെല്‍ റേ ട്രോഫികളിലും 2015-ലെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ടീമിനൊപ്പം പങ്കാളിയായി. ബാഴ്‌സയ്ക്കായി 458 മത്സരങ്ങള്‍ കളിച്ച താരം 19 ഗോളുകളും നേടി, 91 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇന്റര്‍ മയാമി ടീമിലെത്തിക്കുന്ന മൂന്നാമത്തെ പ്രധാന താരമാണ് ആല്‍ബ. നേരത്തേ തിങ്കളാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ ഫ്‌ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ. സ്റ്റേഡിയത്തിലെ ചടങ്ങില്‍ അര്‍ജന്റീനാ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ ക്ലബ്ബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ക്ലബ്ബുടമകൂടിയായ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം അടക്കമുള്ളവര്‍ ചടങ്ങിലുണ്ടായിരുന്നു. 492 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിനാണ് മെസ്സിയെ ഇന്റര്‍ മയാമി സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമായുള്ള കരാര്‍ അവസാനിച്ചതോടെ ഫ്രീ ട്രാന്‍സ്ഫറിലാണ് താരം അമേരിക്കന്‍ ക്ലബ്ബിലേക്ക് എത്തിയത്. ഏഴുതവണ ബാലണ്‍ദ്യോര്‍ കിരീടം നേടിയ മെസ്സി ജൂണിലാണ് പി.എസ്.ജി. വിട്ടത്. ഫ്രഞ്ച് ക്ലബ്ബില്‍ 30-ാംനമ്പര്‍ ജഴ്‌സിയിലായിരുന്നു. ഇന്റര്‍ മയാമിയുമായി 2025 വരെ കരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!