തീവണ്ടികളിൽ ടോക്-ബാക്ക് സംവിധാനം ഉൾപ്പെടുത്തും; 25 മാറ്റങ്ങളോടെ വന്ദേഭാരത്

ന്യൂഡൽഹി: വന്ദേഭാരത് യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തരസാഹചര്യങ്ങളിലെ ടോക്-ബാക്ക് സംവിധാനം ഉൾപ്പെടുത്താൻ നടപടികളുമായി റെയിൽവേ. തീവണ്ടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ 25 ഫീച്ചറുകളും സാങ്കേതികമെച്ചപ്പെടുത്തലുകളും വന്ദേഭാരതുകളിൽ വരുത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സീറ്റുകളിൽ കുഷ്യനുകളുടെ മൃദുത്വം വർധിപ്പിക്കും. സീറ്റിന്റെ ചരിവ് മെച്ചപ്പെടുത്തും. വെള്ളം പുറത്തേക്കുതെറിക്കാത്ത രീതിയിൽ വാഷ് ബേസിനുകൾക്ക് രൂപമാറ്റം വരുത്തും. ടാപ്പുകളിൽ ജലംവരുന്ന രീതിയിൽ മാറ്റംവരുത്തും. മെച്ചപ്പെട്ട ഗ്രിപ്പിനായി ടോയ്ലറ്റ് ഹാൻഡിലുകളിൽ അധിക വളവുകൾ ചേർക്കും. മൊബൈൽ ചാർജിങ് പോയിന്റുകൾ മാറ്റിസ്ഥാപിക്കും. എക്സിക്യുട്ടീവ് കോച്ചുകളുടെ നിറം ചുവപ്പിൽനിന്ന് നീലയാക്കും. എക്സിക്യുട്ടീവ് ക്ലാസുകളിലെ ഫുട്റെസ്റ്റുകൾ മാറ്റിസ്ഥാപിക്കും. ലൈറ്റിങ് വർധിപ്പിക്കും. കർട്ടൻ തുണിത്തരങ്ങൾ മാറ്റും. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കോച്ചുകളിൽ ചുറ്റിക സ്ഥാപിക്കും. അഗ്നിരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തും. മികച്ച വായുനിലവാരം നിലനിർത്താൻ എയർ കണ്ടീഷനിങ് ഇൻസുലേഷൻ വർധിപ്പിക്കും. ഇത്തരത്തിലുള്ള മാറ്റങ്ങളാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്.) നിർമാണത്തിലിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിനുകളിൽ വരുത്തുക. ദീർഘദൂരയാത്രക്കാർക്കായി സ്ലീപ്പർ ക്ലാസോടുകൂടിയ വന്ദേഭാരത് ട്രെയിനും ഇന്ത്യൻ റെയിൽവേ വികസിപ്പിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ അതിന്റെ മാതൃക വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

