KSDLIVENEWS

Real news for everyone

പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര എക്സിബിഷൻ കണ്‍വെന്‍ഷന്‍ സെന്റര്‍; 7000 ഇരിപ്പിടങ്ങള്‍, നിര്‍മാണച്ചെലവ് 2700 കോടി

SHARE THIS ON

ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഒരുക്കിയ രാജ്യാന്തര എക്‌സിബിഷൻ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ബുധനാഴ്ച വെെകീട്ടായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 2700 കോടിരൂപ ചിലവഴിച്ചാണ് 123 ഏക്കർ പ്രദേശത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് കെട്ടിടസമുച്ചയം വേദിയാകും.


ലോകത്തിലെ തന്നെ ഏറ്റവും മികച്ച എക്‌സിബിഷൻ കൺവെൻഷൻ സെന്ററുകളിലൊന്നായി ഐഇസിസി(ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ) കോംപ്ലക്സ് അതിന്റെ സ്ഥാനം കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യാന്തര സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും രാജ്യം ആതിഥേയത്വം വഹിക്കുന്ന സാഹചര്യങ്ങളിൽ ലോകോത്തര സൗകര്യങ്ങളുള്ള വേദിയൊരുങ്ങണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കണക്കിലെടുത്താണ് കെട്ടിട സമുച്ചയം നവീകരിച്ചതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.


7000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുള്ളതാണ് കൺവെൻഷൻ സെന്റർ. 5,500-ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ എക്‌സിബിഷൻ ഹാളുകൾ, 3000-പേർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള ആംഫി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് നിർമാണം.

ബിസിനസ് ഇവന്റുകളടക്കം സംഘടിപ്പിക്കാൻ സാധിക്കുന്ന ഏഴ് എക്‌സിബിഷൻ ഹാളുകളാണ് സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച ഇന്റർനെറ്റ് സൗകര്യം, 16 വ്യത്യസ്ത ഭാഷകൾ തിരിച്ചറിയാൻ സാധിക്കുന്ന ഇന്റർപ്രെറ്റർ റൂം, അത്യാധുനിക സാങ്കേതികവിദ്യയടങ്ങുന്ന ഓഡിയോ, വിഷ്വൽ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് ഐഇസിസി. സമുച്ചയത്തിന്റെ പരിസരവും അതിമനോഹരമായിട്ടാണ് നവീകരിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുത്തൻ ഐഇസിസി സമുച്ചയം വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നതെന്ന് പി.എം.ഓ പ്രസ്താവനയിൽ അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾ ദേശീയ, അന്തർദേശീയ വേദിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയൊരുങ്ങും. ആഗോള ബിസിനസ് യോഗങ്ങളുടെ പ്രധാന വേദിയായി രാജ്യം മാറുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!