വിന്റേജ് റോൾസ് റോയ്സിൽ റാഞ്ചി നഗരത്തിൽ കറങ്ങി എം.എസ്. ധോണി; വൈറൽ വിഡിയോ

മുംബൈ∙ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് എം.എസ്. ധോണിയുടെ താമസം. ഐപിഎല്‍ കിരീട നേട്ടം കഴിഞ്ഞ് കുറച്ചു നാള് വാർത്തകളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു ധോണി. ധോണി പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയായ ‘എൽജിഎം’ ന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ താരം. റാഞ്ചി നഗരത്തിലൂടെ കാർ ഓടിച്ചു പോകുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. വാഹനങ്ങളുടെ വൻ ശേഖരം തന്നെ സ്വന്തമായുള്ള ധോണി വിന്റേജ് റോൾസ് റോയ്സ് കാറാണ് റാഞ്ചിയിലെ സഞ്ചാരത്തിന് ഉപയോഗിച്ചത്. ദിവസങ്ങൾക്കു മുൻപ് ധോണിയുടെ വാഹന ശേഖരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മുൻ ഇന്ത്യൻ താരം എം.എസ്.കെ. പ്രസാദ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. X റാഞ്ചിയിലെ ധോണിയുടെ ബൈക്കുകളും കാറുകളും എന്നു പറഞ്ഞായിരുന്നു എം.എസ്.കെ. പ്രസാദ് വിഡിയോ പുറത്തുവിട്ടത്. എന്തിനാണ് ഇതെന്ന് ധോണിയുടെ ഭാര്യ സാക്ഷി വിഡിയോയിൽ ചോദിക്കുന്നുണ്ട്. സാക്ഷി അനുവദിക്കുന്ന ഒരേയൊരു കാര്യമാണ് ഇതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നു. 2024 ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോണി തന്നെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

