KSDLIVENEWS

Real news for everyone

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുന്നു, മുഖ്യമന്ത്രിയെ പുറത്താക്കാൻ ധൈര്യമില്ല’; ബിജെപി വക്താവ് രാജിവച്ചു

SHARE THIS ON

പട്ന∙ മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാർട്ടിയിൽ നിന്ന് ബിഹാർ ബിജെപി വക്താവ് രാജിവച്ചു. ബിജെപി വക്താവ് വിനോദ് ശർമയാണ് രാജിവച്ചത്. ‘‘രാജ്യത്തെ അപമാനിക്കുന്നതായിരുന്നു മണിപ്പുർ സംഭവം. പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യമില്ല. ഇതുപോലെ സ്ത്രീകൾ നഗ്നരാക്കി നടത്തപ്പെടുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്. ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോൾ തന്നെ സംസ്ഥാന സർക്കാരിനേയും, കേന്ദ്ര സർക്കാരിനേയും നീക്കേണ്ടതായിരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഇതെനിക്ക് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്‌ക്കും കത്തയച്ചിട്ടുണ്ട്.’’ –വിനോദ് ശർമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ എല്ലാ എംപിമാരും പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ആവശ്യപ്പെടുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!