KSDLIVENEWS

Real news for everyone

മണിപ്പുര്‍: കലാപകാരികള്‍ക്ക് സ്ത്രീകളെ ‘വിട്ടുകൊടുത്ത’ പോലീസ് ഇനി അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: മണിപ്പുരിലെ കലാപത്തിനിടെ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അതിശക്തമായി അപലപിച്ചും സർക്കാരിനെ ചോദ്യംചെയ്തും സുപ്രീംകോടതി.

കലാപകാരികൾക്ക് സ്ത്രീകളെ ‘വിട്ടുകൊടുത്ത’ പോലീസിനെ തുടരന്വേഷണം ഏൽപ്പിക്കാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വീഡിയോയിൽ കണ്ടത് ‘ഭീകര’ ദൃശ്യങ്ങളാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യാപകമാണെന്നും നിരീക്ഷിച്ച സുപ്രീംകോടതി, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സൂചന നൽകി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച ഉത്തരവുണ്ടായേക്കും.

കലാപകാരികൾ സ്ത്രീകളെ നഗ്നരാക്കി വഴിനടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പരാതി ലഭിച്ച് 14 ദിവസത്തിനുശേഷമാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇത്രയും ദിവസം പോലീസ് എന്തുചെയ്യുകയായിരുന്നെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വീഡിയോ സംഭവത്തിന്റെ കേസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഒരുമാസത്തിലേറെ വൈകിയതിനെയും ചോദ്യംചെയ്ത അദ്ദേഹം, വിഷയം ഇനി പോലീസ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

നഗ്നരാക്കി നടത്തപ്പെട്ട രണ്ട് സ്ത്രീകളും അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെ എതിർത്തു. മണിപ്പുർ കലാപത്തിൽ ഇതുവരെ എത്ര കേസ് രജിസ്റ്റർ ചെയ്തെന്നുപോലും കേന്ദ്രത്തിനറിയില്ലെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. അതിനാൽ സി.ബി.ഐ. അന്വേഷണത്തെയും വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റുന്നതിനെയും എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ പ്രത്യേക അന്വേഷണസമിതി വേണമെന്ന് അക്രമം നേരിട്ട സ്ത്രീകളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകളും ചില കക്ഷികൾ നിർദേശിച്ചു. ഇവയിൽ കേന്ദ്രത്തിന്റെയും മണിപ്പുർ സർക്കാരിന്റെയും അഭിപ്രായം തേടിയ സുപ്രീംകോടതി, സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നിർദേശിക്കാനും ആവശ്യപ്പെട്ടു. ഇതുവരെ രജിസ്റ്റർചെയ്ത കേസുകളുടെ വിവരങ്ങളും സ്വീകരിച്ച നടപടികളുമെല്ലാം ചൊവ്വാഴ്ച വിശദീകരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

മേയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് ജൂലായ് 18-നാണെന്നും 24 മണിക്കൂറിനകം ഏഴുപേർ അറസ്റ്റിലായെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അവിടെമാത്രം 20 കേസുകൾ രജിസ്റ്റർ ചെയ്തെന്നും ആകെ 6000 എഫ്.ഐ.ആറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്നതിൽ വിരോധമില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും വ്യക്തമാക്കി.

ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മണിപ്പുരിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങൾക്ക് സമാനതകളില്ലെന്ന് സുപ്രീംകോടതി. അത് ഒറ്റപ്പെട്ടതല്ലെന്നും വ്യാപകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തിങ്കളാഴ്ച രണ്ടുമണിക്കൂർനീണ്ട വാദപ്രതിവാദങ്ങളിൽ സർക്കാരിനും പോലീസിനുമെതിരേ ചോദ്യങ്ങളുന്നയിച്ചത് കൂടുതലും ചീഫ് ജസ്റ്റിസ് തന്നെയാണ്.

  • നഗ്നരാക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി കപിൽ സിബൽ: കേസ് സി.ബി.ഐ.ക്ക് വിട്ടിരിക്കുകയാണ്. വിചാരണ അസമിലേക്ക് മാറ്റാനും പോകുന്നു. രണ്ടിനും ഞങ്ങൾ എതിരാണ്.
  • സോളിസിറ്റർ ജനറൽ തുഷാർ മേത്ത:അസമിലേക്ക് മാറ്റണമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. മണിപ്പുരിന് പുറത്തേക്ക് മാറ്റാനാണ് ആവശ്യപ്പെടുന്നത്.
  • കക്ഷിചേർന്നവർക്കുവേണ്ടി ഇന്ദിരാ ജെയ്സിങ്:ഒട്ടേറെ സ്ത്രീകൾ ലൈംഗികപീഡനം നേരിട്ടു.
  • ചീഫ് ജസ്റ്റിസ്:അതെ, വീഡിയോയിൽ കാണുന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമാണ്. വിഷയത്തെ വിശാലമായി സമീപിക്കാനാണ് താത്പര്യപ്പെടുന്നത്. ജൂലായ് മൂന്നിനുശേഷം എത്ര എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു?
  • സിബൽ: കലാപകാരികൾക്ക് പോലീസ് സഹായംചെയ്തുവെന്ന് വ്യക്തമാണ്. തങ്ങളെ കലാപകാരികളിൽനിന്ന് രക്ഷിക്കാൻ സ്ത്രീകൾ ആവശ്യപ്പെട്ടുവെന്നാണ് മൊഴികളിൽ വ്യക്തമാകുന്നത്. എന്നാൽ, ആൾക്കൂട്ടത്തിലേക്കാണ് പോലീസ് കൊണ്ടുപോയത്.
  • കുക്കികളുടെ സംഘടനയ്ക്കുവേണ്ടി കോളിൻ ഗോൺസാൽവസ്: അക്രമങ്ങൾക്കുപിന്നിൽ, സ്ഥലത്തില്ലാത്തവരുടെ ഗൂഢാലോചയുണ്ട്. സി.ബി.ഐ.യിൽ വിശ്വാസമില്ല. കാരണം, മണിപ്പുരിനുനേരെ കേന്ദ്രം കണ്ണടയ്ക്കുകയാണ് ചെയ്തത്.
  • ശോഭ ഗുപ്ത: ലൈംഗികപീഡനം നേരിട്ട സ്ത്രീകൾക്ക് പോലീസിനുമുന്നിൽ പോകേണ്ട അവസ്ഥയുണ്ടാവരുത്. മൊഴിയെടുക്കാൻ എസ്.ഐ.ടി.യിൽ മജിസ്ട്രേറ്റുമുണ്ടാകണം.
  • വൃന്ദ ഗ്രോവർ: മണിപ്പുരിലെ 163 ക്യാമ്പുകൾ സന്ദർശിച്ച സ്ത്രീകളുടെ സംഘത്തിനുവേണ്ടിയാണ് ഞാൻ ഹാജരാകുന്നത്. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സ്ത്രീകൾ എന്തുചെയ്യണം? കുക്കി സമുദായത്തിലെ സ്ത്രീകൾക്കെതിരേ ആസൂത്രിത പീഡനമാണ് നടന്നത്.
  • തുഷാർ മേത്ത: ദയവുചെയ്ത് സമുദായങ്ങളുടെ പേരെടുത്ത് പറയരുത്, വിഷയം കത്തിക്കരുത്.
  • വൃന്ദ ഗ്രോവർ: വീഡിയോ സംഭവത്തിൽപ്പോലും ബലാത്സംഗക്കുറ്റം മാത്രമേയുള്ളൂ. കലാപത്തിനിടെ ബലാത്സംഗം എന്ന കുറ്റം ചുമത്തിയിട്ടില്ല. എസ്.സി., എസ്.ടി. വകുപ്പുകളുമില്ല. ഭക്ഷണവും മറ്റും ക്യാമ്പുകളിലെത്തുന്നത് സംഭാവനകളായാണ്.
  • അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി: ഹർജിക്കാർ പറയുന്ന വിവരങ്ങളൊന്നും ഞങ്ങൾക്കു മുന്നിലില്ല. ഇത്തരം കാര്യങ്ങൾ ഉന്നയിക്കരുത്.
  • ചീഫ് ജസ്റ്റിസ്: ഇതെല്ലാം പരാതികൾ മാത്രമാണ്. അവ ഞങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നില്ല.
  • സോമി വിദ്യാർഥി സംഘടനയ്ക്കുവേണ്ടി നിസാം പാഷ: പീഡനം നേരിട്ടവർ ഇപ്പോഴുള്ളത് എവിടെയാണോ അവിടെയുള്ള മജിസ്ട്രേറ്റിന് മൊഴിനൽകാൻ സാധിക്കണം.
  • ബാൻസുരി സ്വരാജ്:കക്ഷിചേരാനുള്ള അപേക്ഷയാണ് എന്റേത്. മണിപ്പുരിലേതിനുസമാനമായ സംഭവങ്ങൾ ബംഗാളിലുണ്ടായതിലും നടപടിവേണം.
  • ചീഫ് ജസ്റ്റിസ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എല്ലായിടത്തുമുണ്ട്. പക്ഷേ, മണിപ്പുരിലേതിന് സമാനതകളില്ല. മണിപ്പുരിലെ വിഷയം മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
  • അറ്റോർണി:വളരെ സങ്കീർണമായ വിഷയമാണിത്. എസ്.ഐ.ടി.ക്ക് വിടുന്നതിനോട് എതിരില്ല. അതിനുമുൻപ് പരമാവധി വിവരങ്ങൾ ശേഖരിച്ച് എന്താണ് സർക്കാരിന് ചെയ്യാനാവുക എന്ന് പറയാൻ എനിക്ക് സമയം തരൂ.
  • ചീഫ് ജസ്റ്റിസ്: മേയ് നാലിന് നടന്ന സംഭവമാണ് (വീഡിയോ). എപ്പോഴാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്?
  • തുഷാർ മേത്ത: ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. സുപ്രീംകോടതിതന്നെ മേൽനോട്ടം വഹിച്ചോളൂ. കേസ് മണിപ്പുരിൽനിന്ന് പുറത്തേക്കുമാറ്റണം.
  • ചീഫ് ജസ്റ്റിസ്: സി.ബി.ഐ.യിലോ എസ്.ഐ.ടി.യിലോ മാത്രം വിശ്വാസമർപ്പിച്ചിരിക്കാനാവില്ല. കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന പെൺകുട്ടിയെക്കുറിച്ചോർക്കണം. അവളോട്് മജിസ്ട്രേറ്റിനടുത്ത് പോകാൻ പറയാനാവില്ല. നീതി അവൾക്കരികിലേക്കെത്തണം.
  • അറ്റോർണി: ഇവ യാഥാർഥ്യമാക്കാൻ സമയം വേണം.
  • ചീഫ് ജസ്റ്റിസ്: നമുക്ക് സമയമില്ല. മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. തെളിവുകൾ നശിപ്പിക്കപ്പെടും. ഞങ്ങളുടെ ഇടപെടൽ സർക്കാരിന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കും. സർക്കാർ ചെയ്യുന്നതിൽ സംതൃപ്തിതോന്നിയാൽ ഇടപെടുകയേയില്ല.
  • മെയ്ത്തികളുടെ സംഘടനയ്ക്കുവേണ്ടി ജയ്ദീപ് ഗുപ്ത: സംഘർഷത്തിന് കാരണമായ വിഷയങ്ങൾ പരിശോധിക്കണം. എല്ലാവരും ആക്രമണത്തിനിരയായിട്ടുണ്ട്.
  • ചീഫ് ജസ്റ്റിസ്: മെയ്ത്തികളും അക്രമത്തിന് ഇരകളായിട്ടുണ്ട്. അക്രമം നേരിട്ടതിനെ സമുദായംതിരിച്ചു കാണില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!