മണിപ്പുര്‍: അതിക്രമം നേരിട്ട സ്ത്രീകളുടെ മൊഴിയെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ CBIയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പുരില്‍ നഗ്നരാക്കി വഴി നടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരകളുടെ മൊഴി എടുക്കുന്നത് നിര്‍ത്തിവെക്കാന്‍ സിബിഐയോട് സുപ്രീംകോടതി. ഈ കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീംകോടതി വീണ്ടും പരിഗണനക്ക് എടുക്കുന്നുണ്ട്. രണ്ടു മണിവരെ കാത്ത് നില്ക്കാന് സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിര്‍ദേശം നല്കി. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പീഡനത്തിനിരയായ സ്ത്രീകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് സൂചന നല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. ഇതിനിടെ ഇന്ന് രാവിലെ അഭിഭാഷകനായ നിസാം പാഷയാണ് സിബിഐ ഇരകളുടെ മൊഴി എടുത്തുവരികയാണെന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് രണ്ടു മണിവരെ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

