KSDLIVENEWS

Real news for everyone

ദുബായിൽ വാഹനാപകടത്തിൽ രണ്ട് മരണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

SHARE THIS ON

ദുബായ്∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും  രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇന്ന്(വെള്ളി) പുലർച്ചെ അഞ്ചോടെ ട്രക്കും പിക്കപ്പും  തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ദിശയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലേയ്ക്ക് പുലർച്ചെ അഞ്ചിനാണ് ഫോൺ ലഭിച്ചതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ട്രക്കിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പിക്കപ്പ് ഡ്രൈവർ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി അദ്ദേഹം പറഞ്ഞു.  

അപകടസ്ഥലത്ത് പരുക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിനും അടിയന്തര വൈദ്യസഹായം നൽകുന്നതിനുമായി എമർജൻസി ടീമുകൾ, ഫസ്റ്റ് റെസ്‌പോണ്ടർമാർ, ട്രാഫിക് പൊലീസ് പട്രോളിംഗ് എന്നിവരെ ഉടൻ തന്നെ അപകടസ്ഥലത്തേയ്ക്ക് അയച്ചെന്നും കൂട്ടിച്ചേർത്തു. ഗുരുതര പരുക്കേറ്റവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

∙ ട്രാഫിക് നിയമലംഘനങ്ങൾ അപകട കാരണങ്ങളാകുന്നു

തെറ്റായ ഓവർടേക്കിങ്, നിയമപരമായ വേഗ പരിധികൾ എന്നിവ പാലിക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ബ്രി. ബിൻ സുവൈദാൻ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. അനുചിതമായ ഓവർടേക്കിങ്, പെട്ടെന്നുള്ള വളവ്, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി. റോഡ് ഉപയോക്താക്കളുടെ ജീവൻ സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും സ്ഥിരമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകട ദൃശ്യം. ചിത്രം: ദുബായ് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!