ചന്ദ്രനെ തൊട്ട ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ; ആഹ്ലാദം പങ്കിട്ട് വ്യവസായികളായ യൂസുഫലിയും ആസാദ് മൂപ്പനും

അബുദാബി: ചരിത്രം സൃഷ്ടിക്കുന്നതു തുടരുന്ന ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ. ഇന്ത്യയുടെ ചാന്ദ്രദൗത്യം (ചന്ദ്രയാൻ–3) വിജയകരമായി ലാൻഡ് ചെയ്തതിൽ സന്തോഷം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ചന്ദ്രനിൽ പ്രാതിനിധ്യമായതായും പറഞ്ഞു. ഇന്ത്യയുടെ വിജയക്കുതിപ്പിനായി യത്നിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച യുഎഇ പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രി സാറ അൽ അമിരി മനുഷ്യ പര്യവേക്ഷണത്തിനുള്ള ചരിത്രപരമായ ദിവസമാണിതെന്നും കൂട്ടിച്ചേർത്തു. ആഗോള ശാസ്ത്ര സമൂഹത്തിന് വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ചന്ദ്ര പര്യവേക്ഷണ യാത്രയിലെ പുതിയ കുതിപ്പാണ് ഈ വിജയമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ഡയറക്ടർ ജനറൽ സലിം അൽ മർറി അഭിപ്രായപ്പെട്ടു. ∙ ആഹ്ലാദം പങ്കിട്ട് വ്യവസായികൾ ചന്ദ്രയാന്റെ വിജയ ലാൻഡിങിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവാസി വ്യവസായികൾ. ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ ചരിത്രപരമായ നാഴികകല്ല് അടയാളപ്പെടുത്തുന്നതാണ് ചന്ദ്രയാൻ-3ന്റെ വിജയകരമായ ലാൻഡിങ് എന്ന് വ്യവസായികൾ പറഞ്ഞു. ഇന്ത്യയ്ക്ക് മികച്ച നേട്ടവും അഭിമാനകരമായ നാഴികക്കല്ലുമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മനുഷ്യരാശിക്കു വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പായി ഇതു സാധ്യമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നും പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഐഎസ്ആർഒ വീണ്ടും കഴിവ് തെളിയിച്ചതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും സമർപ്പിത ശ്രമങ്ങൾക്ക് ഈ നേട്ടം കരുത്തുപകരും. എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്നതാണ് ഈ മഹത്തായ നേട്ടം. മനുഷ്യന്റെ അറിവിന്റെ അതിരുകൾ ഭേദിക്കുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രീയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു

