ചന്ദ്രയാന്‍-3, ബ്രിക്സ്: പ്രധാനമന്ത്രി മോദിയുമായി യു.എ.ഇ പ്രസിഡന്റ് ഫോണില്‍ സംസാരിച്ചു

അബുദാബി: യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ബ്രിക്സ് സഖ്യത്തിൽ യു.എ.ഇയെ ഉൾപ്പെടുത്തിയതിന് ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു. അന്താരാഷ്ട്ര സഹകരണത്തിനും സമൃദ്ധിയ്ക്കും യു.എ.ഇ. നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ചന്ദ്രയാൻ -3 ൻ്റെ വിജയത്തിനുള്ള അഭിനന്ദനവുമായാണ് യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചത്.. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾ മഹത്തരമാണെന്ന് ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു.ബഹിരാകാശ രംഗത്ത് ഇന്ത്യ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതിനു ശേഷമാണ് ബ്രിക്സ് സഖ്യത്തിലേക്ക് ക്ഷണിച്ചതിലുളള സന്തോഷവും നന്ദിയും ശൈഖ് മുഹമ്മദ് പങ്കിട്ടത്. സുസ്ഥിര വികസനത്തിനും ആഗോള സമൃദ്ധിക്കും യു.എ.ഇ. നടത്തുന്ന പരിശ്രമങ്ങൾക്ക് ബ്രിക്സ് അംഗത്വം ശക്തിപകരുമെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ പറഞ്ഞു. ചാന്ദ്രപര്യവേഷണത്തിലെ വിജയത്തിനുള്ള അഭിനന്ദനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും യു.എ.ഇ. കാണിക്കുന്ന ഊഷ്മള സ്നേഹവും നരേന്ദ്രമോദി എടുത്തുപറഞ്ഞു. ബ്രിക്സ് സഖ്യത്തിലേക്കുള്ള യുഎഇ-യുടെ പ്രവേശനം അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മോദി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന് ബ്രിക്സ് അംഗത്വം ലഭിച്ചതിൽ കഴിഞ്ഞ ദിവസം സന്തോഷം പ്രകടിപ്പിച്ചിരുന്നു.

