നിയമലംഘനങ്ങൾ നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം പിടിച്ചെടുത്തു

ദുബായ് ∙ നിയമലംഘനങ്ങൾ നടത്തിയ 36 വാഹനങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദുബായ് പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തും വിധം അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എൻജിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക, പൊതു റോഡുകളിൽ മാലിന്യം തള്ളുക തുടങ്ങിയ നിയമലംഘനങ്ങളാണ് നടത്തിയത്. 2023 ലെ ഉത്തരവനുസരിച്ച് ഇത്തരം ലംഘനങ്ങൾ പൊലീസ് കർശനമായി കൈകാര്യം ചെയ്യുമെന്ന് കേണൽ അൽ ഖാഇദി പറഞ്ഞു. പിടിച്ചെടുക്കുന്ന വാഹനം വിട്ടുകൊടുക്കുന്നതിനുള്ള പിഴ 50,000 ദിർഹം വരെയാകാം. അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അമിതവേഗത്തിനുമെതിരെ കേണൽ അൽ ഖാഇദി മുന്നറിയിപ്പ് നൽകി. ജീവൻ അപകടത്തിലാക്കുകയോ റോഡുകൾ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴയും വാഹനങ്ങൾ പിടിച്ചെടുക്കലും തടവുശിക്ഷയുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദുബായ് പൊലീസ് മൃദുത്വം കാണിക്കില്ലെന്നും പറഞ്ഞു. ദുബായ് പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.

