190 കിലോമീറ്റർ ടണൽ റോഡ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൻ പദ്ധതിയെന്ന് ടി.കെ ശിവകുമാർ

ബെംഗളൂരു∙ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 190 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 45 ദിവസത്തിനുള്ളിൽ ടെൻഡർ വിളിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘നഗരത്തിലെ ഗതാഗതക്കുരുക്ക് േനരിടാൻ 190 കിലോമീറ്റർ ടണൽ റോഡ് നിർമിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിന് എട്ട് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ട്. സാധ്യത പഠനറിപ്പോർട്ട് സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു. ടണൽ റോഡ് എങ്ങനെയായിരിക്കണം, എത്ര വരി പാതയാകണം, എവിടെ തുടങ്ങി എവിടെ അവസാനിക്കണം, നഗരം മുഴുവനും പാത വ്യാപിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കും. ‘‘റോഡ് കടന്നുപോകേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എവിടെ, എങ്ങനെയാണ് റോഡ് നിർമിക്കാൻ സാധിക്കുന്നതെന്ന് പഠിക്കും. നാല് വരിയെങ്കിലുമുള്ള ടണൽ പാതയാണ് ബെംഗളൂരുവിന് ആവശ്യം. വലിയ പദ്ധതിയായതിനാൽ വൻ തുക ആവശ്യമാണ്. പദ്ധതി ഘട്ടം ഘട്ടമായെ നടപ്പാക്കാനാകൂ. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ട്രാഫിക് പൊലീസുമായും ചർച്ച നടത്തി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും വിഷയം ചർച്ച ചെയ്തു. ദേശീയ പാതയിലൂടെ വാഹനങ്ങൾ നഗരത്തിലേക്ക് കടന്നു വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് അദ്ദേഹത്തെ അറിയിച്ചു. ഗഡ്കരി ആവശ്യമായ നിർദേശം നൽകുകയും ചെയ്തു’’. ശിവകുമാർ പറഞ്ഞു.

