റാസൽഖൈമ–ഒമാൻ ബസ് സർവീസ് ഇന്നുമുതൽ; ടിക്കറ്റ് നിരക്കും സ്റ്റോപ്പുകളും അറിയാം!

റാസൽഖൈമ ∙ റാസൽഖൈമയിൽനിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കുള്ള ബസ് സർവീസിനു ഇന്ന് തുടക്കമാകും. 50 ദിർഹമാണ് ടിക്കറ്റ് നിരക്കെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് സർവീസ്. രണ്ടര മുതൽ 3 മണിക്കൂറാണ് യാത്രാസമയം. റാസൽഖൈമയിൽനിന്നുള്ള ആദ്യ രാജ്യാന്തര ബസ് സർവീസാണിത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദ സഞ്ചാരം വർധിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ∙ ബസ് സ്റ്റോപ് റാസൽഖൈമയിലെ അൽദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന ബസ് സർവീസിന് റാംസ്, ഷാം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുസണ്ടം ഗവർണറേറ്റിൽ ഹാർഫ്, ഖദ, ബുഖ, തിബാത്ത് എന്നിവിടങ്ങളിലും നിർത്തിയ ശേഷം ഖസബ് വിലായത്തിൽ ബസ് സർവീസ് അവസാനിക്കും. സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്ന് മലയാളികൾ ഉൾപ്പെടെ മുസണ്ടത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടും.

