സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല; പി.എം.എ സലാമിന് മറുപടിയുമായി ജിഫ്രി തങ്ങൾ

നീലേശ്വരം: മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമിന് രൂക്ഷമറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ. സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് തങ്ങൾ പറഞ്ഞു. കാസർകോട് നീലേശ്വരത്ത് നടന്ന എസ്.വൈ.എസ് സംസ്ഥാന മീലാദ് കാമ്പയിൻ സമാപനവേദിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദപ്പെട്ടവർതന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദപ്പെട്ടവർ കടിഞ്ഞാണിടണം. അല്ലെങ്കിൽ, പിടിച്ച് കെട്ടിയിടണമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

