ദേവെഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി ബിജെപി- പിണറായി അന്തർധാര പുറത്ത് വന്നു: ചെന്നിത്തല

തിരുവനന്തപുരം: ദേവെഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപി- പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവെഗൗഡയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബിജെപി ഘടകകക്ഷിയായ ജെഡിഎസിന്റെ ഭാഗമാണ്. എന്നിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ പിണറായി എന്നെ കളിയാക്കുകയായിരുന്നു. സ്വർണക്കടത്ത് കേസും ലാവ്ലിൻ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തിൽ പിണറായിയും സിപിഎമ്മും കൈകോർക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്തലോടു കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല പറഞ്ഞു.

