നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം: മർദിച്ചത് കൊലപ്പെടുത്താൻ തന്നെയെന്ന് അഷ്കർ, വിവരം അറിഞ്ഞിരുന്നുവെന്ന് അമ്മ

നെടുമങ്ങാട്: തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീവച്ച് പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് അമ്മയുടെ സുഹൃത്ത് എ.അഷ്കറിന്റെ കുറ്റസമ്മതം. കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നതിനാൽ തുടർച്ചയായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി വെളിപ്പെടുത്തി.
അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചന്ദ്രനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ദേഹമാസകലം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നെടുമങ്ങാട് പനവൂർ സ്വദേശി അർഷിദ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു.
പ്രതികൾ ഒന്നിച്ചു താമസിച്ചിരുന്ന പനവൂർ കരിക്കുഴിയിലെ വാടകവീട്ടിലേക്ക് പൊലീസ് ഇന്നലെ അഷ്കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ വൻ ജനരോഷമുണ്ടായി. പൊലീസ് വലയം ഭേദിച്ച് നാട്ടുകാരിൽ ചിലർ പ്രതിയെ കയ്യേറ്റം ചെയ്തു. അഷ്കർ കുഞ്ഞിനെ അടിച്ച കമ്പും പൊള്ളലേൽപിക്കാൻ ഉപയോഗിച്ച ലൈറ്ററും വീട്ടിനുള്ളിൽനിന്നു പൊലീസ് കണ്ടെടുത്തു. വീടിനു സമീപത്തു പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ കാർ, ശനിയാഴ്ച രാത്രി അജ്ഞാതർ അടിച്ചു തകർത്തിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അവശനിലയിൽ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർഷിദിനെ തുടർന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു. ഇൗ സമയം നൃത്ത പരിപാടിക്കായി മാതാവ് അഖില തമിഴ്നാട്ടിലായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന കുഞ്ഞ്, ഛർദിച്ച് അവശനിലയിലായെന്നാണ് അഷ്കർ ആദ്യം പൊലീസിന് മൊഴി നൽകിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
മാപ്പില്ലാത്ത ക്രൂരത
അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ കണ്ടത് കൊടിയ മർദനത്തിന്റെ 51 മുറിപ്പാടുകളെന്ന് പൊലീസ്. ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് തലയ്ക്കുള്ളിൽ 5 സ്ഥലത്ത് നീർക്കെട്ടും രക്തസ്രാവവുമുണ്ടായി. നെഞ്ചിന്റെ പിൻവശത്തെ 7 വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നെഞ്ചിൽ ആഞ്ഞുചവിട്ടിയതാണ് വാരിയെല്ലുകൾക്ക് ക്ഷതമേൽക്കാൻ കാരണം. സിഗരറ്റ് ലൈറ്റർ കൊണ്ട് ജനനേന്ദ്രിയത്തിലും വലതു കാൽപാദത്തിന്റെ അടിഭാഗത്തും കാൽവിരലുകളുടെ അഗ്രഭാഗത്തും പൊള്ളലേൽപിച്ചു.
കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു’
നെടുമങ്ങാട് ∙ ഒരു മാസം മുൻപ് അർഷിദിന്റെ 2 കൈകളും ഒടിഞ്ഞെന്നും കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് അപ്പോൾ മുതൽ ആശങ്കയുണ്ടായിരുന്നെന്നും അഖില ചന്ദ്രന്റെ അമ്മ എസ്.റീന. സൈക്കിളിൽനിന്നു വീണ് കൈകൾ ഒടിഞ്ഞെന്നാണ് അഖിലയും അഷ്കറും പറഞ്ഞതെങ്കിലും റീന അതു വിശ്വസിച്ചില്ല.
കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. കുഞ്ഞിന് മർദനമേറ്റെന്ന സംശയവും റീന പൊലീസിനു മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ വിട്ടുതരില്ലെന്ന് കടുത്ത നിലപാടെടുത്ത അഖില, തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അമ്മയ്ക്കെതിരെ പൊലീസിൽ മറ്റൊരു പരാതി നൽകുകയാണ് ചെയ്തത്.
2 വർഷം മുൻപാണ് അഖിലയുടെ ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. അതിനുശേഷവും കുഞ്ഞ് ജനിക്കുമ്പോഴും അഖില അമ്മയ്ക്കൊപ്പമായിരുന്നു താമസം. 5 മാസം മുൻപാണ് അഷ്കറിനൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ആദ്യം കുഞ്ഞിന് അഖി എ.അഖിൽ എന്നാണ് പേരിട്ടിരുന്നതെങ്കിലും അഷ്കറിന്റെ നിർബന്ധപ്രകാരമാണ് അർഷിദ് എന്ന് പേരിട്ടതെന്നും റീന പറഞ്ഞു. അഖില തന്റെ മകളാണെന്ന് പറയാൻ നാണക്കേടാണെന്നും മകളെ ഇനി തനിക്ക് വേണ്ടെന്നും റീന കൂട്ടിച്ചേർത്തു

