തിരുവോണ ദിനത്തിലും മറക്കാതെ രക്ഷാ ദൗത്യം ;
പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി: തിരുവോണ ദിനത്തിലും പെട്ടിമുടിയില്‍ രക്ഷാദൗത്യം. പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹമാണ് വീണ്ടെടുത്തത്. വരും ദിവസങ്ങളിലും പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചില്‍ തുടരുമെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനത്തിനുള്ളിലെ പുഴയില്‍ കണ്ടെത്തിയ മൃതദേഹമാണ് ഇന്നലെ രക്ഷാ പ്രവര്‍ത്തകര്‍ കരയ്‍ക്കെത്തിച്ചത്.
മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. തിരുവോണ ദിവസം സംഭവസ്ഥലത്ത് എംഎല്‍എ അടക്കം എത്തിയതോടെയാണ് മൃതദേഹം കരക്കെത്തിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, ഹൈറേഞ്ച് റസ്‌ക്യൂ ടീമംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് തെരച്ചില്‍ തുടര്‍ന്നത്.