10 ദിവസം, നീക്കിയത് 20,000 മെട്രിക് ടണ്‍ മണ്ണ്; പൊന്റൂണ്‍ സ്ഥാപിച്ച് തിരച്ചില്‍ ഉച്ചയ്ക്കുശേഷം

അങ്കോല (കര്‍ണാടക): ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കുവേണ്ടി നടത്തിയ തിരച്ചിലില്‍ ദേശീയപാതയില്‍ ഇരുപതിനായിരം മെട്രിക് ടണ്‍ മണ്ണാണ് നീക്കംചെയ്തത്. എന്നിട്ടും ആരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗംഗാവാലി നദിയില്‍നിന്നാണ് മുഴുവന്‍ മൃതദേഹങ്ങളും ലഭിച്ചത്. കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഷിരൂരുകാരായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
നാട്ടുകാരായ രണ്ടുപേര്‍ക്കുവേണ്ടി കരയിലെ മണ്ണുനീക്കി പരിശോധന തുടരുകയാണ്. പുഴയിലെ മണ്ണെടുക്കാന്‍ ഇനിയും കൂടുതല്‍ ഡ്രഡ്ജറുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. കൊങ്കണ്‍പാലത്തിനടിയിലൂടെ വലിയ ഡ്രഡ്ജറുകള്‍ കൊണ്ടുവരാനുള്ള തടസ്സമാണ് പ്രധാന പ്രശ്‌നം. പകരം സംവിധാനങ്ങള്‍ കര്‍ണാടക ആലോചിക്കുന്നുണ്ട്.
ഷിരൂരില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ശനിയാഴ്ച ഉച്ചയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. തിരച്ചില്‍ തുടരുന്നതിനൊപ്പംതന്നെ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. ദൗത്യം അവസാനിപ്പിച്ചെന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ശരിയല്ലെന്ന് ഉത്തരകന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
ദൗത്യം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി. എന്നിവരുടെ നേതൃത്വത്തില്‍ ഷിരൂരില്‍ യോഗം ചേര്‍ന്നു. തിരച്ചില്‍ തുടരാന്‍തന്നെയാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
എം.എല്‍.എ.മാരായ കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, എ.കെ.എം. അഷറഫ്, കാര്‍വാര്‍ എം.എല്‍.എ. സതീശ് വേല്‍, കളക്ടര്‍ ലക്ഷ്മിപ്രിയ, എസ്.പി. നാരായണ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അടിയൊഴുക്ക് പ്രതിരോധിക്കാന്‍ പോന്റൂണ്‍
അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുഴയുടെ ശക്തമായ അടിയൊഴുക്കില്‍ പ്രതിസന്ധിയിലായതോടെ പുതിയ സംവിധാനവുമായി നാവികസേന. സിഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് അടിയൊഴുക്ക് പ്രതിരോധിക്കാന്‍ പോന്റൂണ്‍ സ്ഥാപിച്ച് അവിടെ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഇറങ്ങും. അര്‍ജുന്‍ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.
ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കല്‍ മൈല്‍വരെ വേഗത്തിലാണ്. അതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചില്‍ നീണ്ടുപോവാതിരിക്കാന്‍ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നതെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീശ്വേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പോന്റൂണുകളാണ് നദിയില്‍ നങ്കൂരമിട്ട് സ്ഥാപിക്കുക. പോന്റൂണ്‍ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തും. അതിന്റെ സഹായത്തോടെ ഇറങ്ങുമ്പോള്‍ ഒഴുകിപ്പോവില്ലെന്നാണ് പ്രത്യേകത.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയില്‍ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്‌നല്‍കൂടി ലഭിച്ചു. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് ഒഴുകി നീങ്ങുകയാണോ എന്നാണ് സംശയം. കരയില്‍നിന്ന് 60 മീറ്റര്‍ അകലെയാണ് വെള്ളിയാഴ്ച സിഗ്‌നല്‍ ലഭിച്ചത്.

