ഹിന്ദു പെണ്‍കുട്ടിയുമായി കൂട്ട് കൂടി; വിദ്യാര്‍ഥിക്ക് എബിവിപിക്കാരുടെ ക്രൂരമര്‍ദനം

മംഗളൂരു : ഹിന്ദു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ഥിക്ക് എബിവിപിക്കാരുടെ ക്രൂരമര്‍ദനം. കര്‍ണാടക സുള്ള്യ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി മുഹമ്മദ് സാനിഫി (19)നെയാണ് ഒമ്ബതംഗ സംഘം മര്‍ദിച്ചത്. സംഭവത്തില്‍ ഇതേ കോളേജിലെ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, തനൂജ്, മോക്ഷിത്, അക്ഷയ്, ചരണ്‍, നിശ്ചയ്, പവന് എന്നിവര്‍ അറസ്റ്റിലായി. സഹപാഠികളായ പല്ലവിയും സാനിഫും തമ്മിലുള്ള സൗഹൃദമാണ് ഇവരെ ചൊടിപ്പിച്ചത്. സൗഹൃദം അവസാനിപ്പിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച കോളേജില്‍ ഇരുവരും സംസാരിച്ചിരിക്കെ അക്രമികളെത്തി സാനിഫിനെ ബലമായി ഗ്രൗണ്ടിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
മരത്തടികൊണ്ട് ശരീരമാസകലം തല്ലിച്ചതച്ചു. നിലത്തിട്ടും ചവിട്ടി. ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അക്രമിസംഘം ഇരുവരുടെയും ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. അവശനായ സാനിഫ് സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

