കാന്തപുരത്തിന്റേത് മതപണ്ഡിതന്റെ അഭിപ്രായം, സ്ത്രീ സുരക്ഷയെ കരുതിയായിരിക്കും പറഞ്ഞത്: സാദിഖലി തങ്ങൾ

കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരത്തെ തള്ളാതെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങൾ. മതപണ്ഡിതന്റെ അഭിപ്രായമാണ് കാന്തപുരം പറഞ്ഞത്. സമൂഹത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞതെന്നും തങ്ങൾ വ്യക്തമാക്കി. സമൂഹത്തിന്റേയും സമുദായത്തിന്റെയും ഐക്യമാണ് പ്രധാനമെന്നും അതിനോട് ചേർന്ന് നിൽക്കുകയെന്നതാണ് മുസ്ലിം ലീഗ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്ത്രീകൾ ഏറെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, സാമൂഹികമായ അവസ്ഥയെ പരാമർശിച്ചുകൊണ്ടും സ്ത്രീ സുരക്ഷയെ മുൻനിർത്തിയുമായിരിക്കും അദ്ദേഹം അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടാവുക. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുകയെന്നതാണ് ലീഗിന്റെ രീതി. സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും ഐക്യത്തിനായാണ് ലീഗ് എക്കാലവും നിലകൊണ്ടിട്ടുള്ളത്’. സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്ലിംകൾക്ക് മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും സാമൂഹിക സമാധാനവും ഐക്യവുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അത് അനുവദനീയമല്ല. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരും തലമുറയിലേക്ക് സന്മാര്‍ഗികമായ മാതൃകകള്‍ പകര്ന്നുനല്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു.

