കാസർകോടുനിന്ന് ഊമക്കത്ത്, ബാങ്ക് ഓഹരി വില കുത്തനെയിടിഞ്ഞു, നഷ്ടം 3145 കോടി; അസി. മാനേജർക്കെതിരേ കേസ്

കാസർകോട്: റിസർവ് ബാങ്കിനും ഒരു ദേശീയ ചാനലിനും കാസർകോട് നിന്നയച്ച ഊമക്കത്തും അതിന്മേൽ നടന്ന ചർച്ചയും ഓഹരി വിപണിയിൽ യൂണിയൻ ബാങ്കിനും ഓഹരിയുടമകൾക്കുമുണ്ടാക്കിയത് 3145 കോടി രൂപയുടെ നഷ്ടം. ആസ്തി വിവരം പെരുപ്പിച്ച് കാണിച്ചുവെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
ഊമക്കത്തിന്റെ ഉറവിടം തേടി ബാങ്ക് അധികൃതരുടെയും പോലീസിന്റെയും പ്രാഥമിക അന്വേഷണമെത്തിയത് ഇതേ ബാങ്കിന്റെ മംഗളൂരു സോണൽ ഓഫീസിലെ അസി. മാനേജർ ജെ. പുരന്ദരയിലേക്കാണ്. ഇദ്ദേഹത്തിനെതിരെ കേസെടുത്ത കാസർകോട് പോലീസ് തുടരന്വേഷണം ശക്തമാക്കി. അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഇയാളിലേക്കെത്തിയെന്നേയുള്ളൂവെന്നും പുരന്ദരയാണ് കത്തയച്ചതെന്ന് പൂർണമായും ഉറപ്പിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു.
കാസർകോട്ടുനിന്ന് സാധാരണ തപാലിലാണ് കത്തയച്ചത്. ഒരേദിവസം തന്നെയാണ് രണ്ടു കത്തുകളും പോസ്റ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് പറഞ്ഞു. കോഴിക്കോട് സോണൽ ഓഫീസിലെ ലോ ഓഫീസർ യു. റീജയാണ് പോലീസിൽ പരാതി നൽകിയത്.
ഭാരതീയയ ന്യായ സംഹിത പ്രകാരം 316(4), 318(3) വകുപ്പുകളും ഐ.ടി.ആക്ട് 66 പ്രകാരവുമാണ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ ബിസിനസ് ഡാറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്ത് അതിന്റെ കോപ്പിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്ത് തയ്യാറാക്കി ആർ.ബി.ഐ. ഗവർണർക്കും ന്യൂസ് ചാനലിനും അയച്ച് കൊടുത്ത് പ്രതി ബാങ്കിനെ ചതിച്ചുവെന്നും ഈ വിശ്വാസ വഞ്ചനയിൽ ബാങ്കിനും ഓഹരിയുടമകൾക്കും 3145 കോടി നഷ്ടമുണ്ടായെന്നുമാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്.

