KSDLIVENEWS

Real news for everyone

കോട്ടയത്തെ ഞെട്ടിച്ച് ദൃശ്യം മോഡല്‍ കൊല; വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം

SHARE THIS ON

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍ തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്നും പിന്നീട് കോണ്‍ക്രീറ്റ് ചെയ്തതാണെന്നും പോലീസ് കരുതുന്നു.


ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!