ഇരുനില വീട്ടില്‍ വെവ്വേറെ താമസം, വെള്ളം മുടക്കിയതില്‍ തര്‍ക്കം; ഭാര്യയെയും മകളെയും വെട്ടിക്കൊന്നു

ഗാസിയാബാദ്: വെള്ളത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവ് ഭാര്യയെയും മകളെയും വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നന്ദ്ഗ്രാം സ്വദേശി സഞ്ജയ് പാല്(42) ആണ് ഭാര്യ രേഖ(36) മകള്‍ താസു(15) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട് പൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലീസ് പിടികൂടി. അതേസമയം, സഞ്ജയ്-രേഖ ദമ്പതിമാരുടെ 18-കാരനായ മൂത്തമകനെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. മകനെ കണ്ടെത്താനായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ ഇരട്ടക്കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ദാമ്പത്യപ്രശ്നങ്ങളെച്ചൊല്ലി കഴിഞ്ഞ നാലുമാസമായി സഞ്ജയ് പാലും ഭാര്യയും ഇരുനില വീട്ടില്‍ രണ്ടിടങ്ങളിലായാണ് താമസം. സഞ്ജയ് പാലും 18-കാരനായ മകനും താഴത്തെനിലയിലും രേഖയും മകളും മുകള്നിലയിലുമായിരുന്നു താമസിച്ചുവന്നിരുന്നത്.

