കേരള പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ കല്ലുകടി; കേരളശ്രീ വേണ്ടെന്ന് കാനായി

കാസർകോട് ∙ പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സർക്കാർ പ്രഖ്യാപിച്ച കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി. ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണിത്. ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമൻ കാസർകോട്ട് മനോരമ ന്യൂസിനോടു പറഞ്ഞു.
കണ്ണൂർ പയ്യാമ്പലം പാർക്കിൽ താൻ നിർമിച്ച ശിൽപങ്ങൾ അവഗണിക്കപ്പെട്ടതിൽ കാനായി കുഞ്ഞിരാമൻ നേരത്തെ പ്രതിഷേധിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ശംഖുമുഖം, വേളി പാർക്കുകൾ നശിപ്പിച്ചതെന്ന് കാനായി ആരോപിച്ചു. ഇതൊക്കെ ആർക്കു വേണ്ടിയാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും, പക്ഷേ പറയുന്നില്ലെന്നും കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി

