KSDLIVENEWS

Real news for everyone

കോവിഡിനു ശേഷം ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടിയോ? വൈറസ് ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?

SHARE THIS ON

ലോകത്താകെ ഏഴ് ദശലക്ഷം ആളുകളുടെ ജീവനാണ് കോവിഡ് വൈറസ് അപഹരിച്ചത്. 2024 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരമാണിത്. 2025 ൽ കോവിഡ് വ്യാപനം ഏറെക്കുറെ പൂർണമായി കുറഞ്ഞെങ്കിലും ഇപ്പോഴും കോവിഡ് എന്ന വാക്ക് ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കോവിഡ് ബാധ എപ്രകാരമാണ് മരണത്തിന് കാരണമാകുന്നത് എന്നതിനെപ്പറ്റിയുള്ള ആദ്യകാല ഗവേഷണങ്ങൾ ഇറ്റലിയിലും ചൈനയിലുമാണ് നടന്നത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനഫലങ്ങളിലൂടെയാണ് കോവിഡ് ബാധ മരണത്തിന് കാരണമാകുന്നു എന്നതിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ ആദ്യമായി ലോകം അറിയുന്നത്. മരിച്ച ഭൂരിഭാഗം രോഗികളും മറ്റേതെങ്കിലും തരത്തിലുള്ള അനുബന്ധ രോഗങ്ങൾക്ക് ചികിത്സിക്കപ്പെടുന്നവരാണെന്ന് കണ്ടെത്തി. അമിത രക്തസമ്മർദം (76.1 ശതമാനം), ഹൃദ്രോഗം (33 ശതമാനം), കൃത്യമല്ലാത്ത ഹൃദയമിടിപ്പ് (25 ശതമാനം), പ്രമേഹം (35 ശതമാനം) കാൻസർ (20 ശതമാനം), വൃക്കരോഗം (18 ശതമാനം), വിവിധ ശ്വാസകോശ രോഗങ്ങൾ (13.2 ശതമാനം), മസ്തിഷ്‌കാഘാതം (9.6 ശതമാനം), മറവിരോഗം (6.8 ശതമാനം), ബാക്കിയുള്ളവർ കരൾ രോഗികളായിരുന്നു. കോവിഡ് ബാധയും മരണവുമായി ബന്ധപ്പെടുത്തി ചൈനയിൽ നടത്തിയ ബൃഹത്തായ പഠനം 2020 ഫെബ്രുവരി ഏഴിന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ചു, 72314 കോവിഡ് ബാധിതരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഭൂരിഭാഗം ആൾക്കാരും മരിച്ചത് ശ്വാസകോശരോഗങ്ങളാലും അതുമൂലം വഷളായ ഹൃദ്രോഗത്താലുമാണെന്ന് കണ്ടെത്തി.

ലാൻസെറ്റിലും മറ്റിതര വൈദ്യശാസ്ത്ര ജേണലുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള ബൃഹത്തായ പഠനങ്ങൾ കോവിഡ് ബാധയും ഹൃദ്രോഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വെളിച്ചത്തുകൊണ്ടുവന്നു. കോവിഡ് ബാധ രോഗനിർണയം ചെയ്തതിനുശേഷമുള്ള ആദ്യരണ്ട് ആഴ്ചകളിൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങാണെന്നാണ് 2021-ലെ ലാൻസെറ്റ് പഠനപ്രകാരം വ്യക്തമാകുന്നത്. അതുപോലെ മറ്റ് പഠനങ്ങളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എട്ട് ഇരട്ടിയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ആറ് ഇരട്ടിയുമായി കണ്ടു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ മിതമായ കോവിഡ് ബാധ ഉണ്ടായവർക്കും ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത രോഗം തുടങ്ങി മൂന്ന് വർഷത്തോളം ഏറിനിൽക്കുന്നതായി തെളിഞ്ഞു. തീവ്രമായ കോവിഡ് ബാധയുണ്ടായവരിൽ ഈ രോഗസാധ്യത നാലിരട്ടിയായി കണ്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പഠനഫലങ്ങൾ പരിഷ്‌കരിച്ച് 2025 ഓഗസ്റ്റ് 20 ന് വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.

error: Content is protected !!