കിയവില്‍ ഒരു ഇന്ത്യക്കാരനും ശേഷിക്കുന്നില്ല, മൂന്ന് ദിവസങ്ങളില്‍ 26 ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ അയക്കും -കേന്ദ്രം

റഷ്യന്‍ അധിനിവേശം ശക്തമായ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ ഒരു ഇന്ത്യക്കാരന്‍ പോലും ശേഷിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യുക്രെയ്ന്റെ അയല്‍ രാജ്യങ്ങളില്‍ എത്തിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാന്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ 26 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവക്ക് പുറമെ പോളണ്ടിലെയും സ്ലോവാക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സൈനിക നടപടി രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് കിയവിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടുകയും ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഒരു ഇന്ത്യന്‍ പൗരനും നഗരത്തില്‍ അവശേഷിക്കുന്നില്ലെന്നും ശ്രിംഗ്ല പറഞ്ഞു.
‘മിഷന്‍ ഗംഗ’ പദ്ധതികള്‍ക്ക് കീഴില്‍ മാര്‍ച്ച് എട്ടുവരെ 46 വിമാനങ്ങളുണ്ട്. അതില്‍ 29 എണ്ണം ബുക്കാറെസ്റ്റില്‍ നിന്നും 10 എണ്ണം ബുഡാപെസ്റ്റില്‍ നിന്നും ആറ് പോളണ്ടിലെ റസെസോവില്‍ നിന്നും ഒരെണ്ണം സ്ലൊവാക്യയിലെ കോസിസില്‍ നിന്നും പുറപ്പെടും. ബുക്കാറെസ്റ്റില്‍ നിന്ന് വ്യോമസേന ഒരു വിമാനം സര്‍വീസ് നടത്തും.
രാജ്യം വിടണമെന്ന് സര്‍ക്കാര്‍ ആദ്യ നിര്‍ദേശം പുറപ്പെടുവിക്കുമ്ബോള്‍ യുക്രെയ്നില്‍ ഏകദേശം 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ 12,000 പേര്‍ യുക്രെയ്ന്‍ വിട്ടു -വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ബാക്കിയുള്ളവരില്‍ പകുതിയും ഖാര്‍കിവ്, സുമി പ്രദേശങ്ങളിലെ സംഘര്‍ഷമേഖലയില്‍ തുടരുകയാണ്. ബാക്കി പകുതി ഒന്നുകില്‍ യുക്രെയ്നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിയിരിക്കുന്നു. അല്ലെങ്കില്‍ അതിര്‍ത്തികളില്‍ എത്തിയിരിക്കുന്നു. അവര്‍ പൊതുവെ സംഘര്‍ഷ മേഖലകളില്‍ നിന്ന് പുറത്താണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

