KSDLIVENEWS

Real news for everyone

വര്‍ക്ഷോപ്പില്‍ നിന്നു ആളെ വരുത്തി വീട്ടിലെ മേശയുടെ പൂട്ട് പൊളിച്ച്‌ ഭാര്യയുടെ സ്വര്‍ണം കവര്‍ന്നു, സനുവിന്റെ തട്ടിപ്പുകളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്; പൂനയിലും നിരവധി തട്ടിപ്പുകള്‍ നടത്തിയതായി സൂചന

SHARE THIS ON

കൊച്ചി:കാക്കനാട്: മുട്ടാര്‍ പുഴയില്‍നിന്ന് പതിമൂന്നുകാരിയായ വൈഗയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയുടെ പിതാവ് സനുമോഹനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. അതേസമയം, സനുവിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മാസങ്ങള്‍ക്കു മുന്‍പു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വര്‍ണം ഇയാള്‍ കവര്‍ന്നതായി പൊലീസിനു വിവരം ലഭിച്ചു.അതേസമയം, വീട്ടുകാര്‍ പരാതി നല്‍കാതിരുന്നതിനാല്‍ അന്ന് സനുവിനെതിരെ കേസൊന്നും ഉണ്ടായില്ല. മേശ നന്നാക്കാനെന്ന വ്യാജേനെ വര്‍ക്‌ഷോപ്പില്‍ നിന്നു ആളെ വരുത്തിയാണു പൂട്ടു മുറിച്ചു മാറ്റി സ്വര്‍ണം കൈക്കലാക്കിയത്.

ഇത് കൂടാതെ ഒട്ടേറെ തട്ടിപ്പുകളും സനു നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്ദ്. പുണെയിലും ചെന്നൈയിലും കേരളത്തിലുമായി നിരവധി പേര്‍ സനുവിന്റെ തട്ടിപ്പിന് ഇരയായതായാണ് വിവരം. ഏതുസമയവും മാര്‍വാഡി സംഘം തന്നെ പിടിച്ചു കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നു ബന്ധുക്കളോടു സനു പറഞ്ഞിരുന്നതായും സൂചനയുണ്ട്. പുണെയില്‍ അന്വേഷണം നടത്തിയാലേ സനുവിന്റെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരൂ എന്ന് പോലീസും പറയുന്നു. ഇതിനായി പൊലീസ് വൈകാതെ പുണെയ്ക്കു പോകും.

ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ കേസില്‍ ദുരൂഹതകള്‍ നിറയുകയാണ്.നേരത്തെ സനുവിന്റെ വാഹനം വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിക്കുകയും ചെയ്തു. എന്നിട്ടും യാതൊരു തുമ്ബും കണ്ടെത്താനാകാതെ വന്നതോടെ സനുവിനെ തേടി രണ്ടാമത്തെ അന്വേഷണ സംഘവും തമിഴ്നാട്ടിലേക്ക് പോയിരുന്നു.

ഇതിനിടെ സനുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം പൂവാറില്‍നിന്ന് കണ്ടെത്തിയെങ്കിലും അയാളുടേതല്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് നിര്‍ദേശ പ്രകാരം പൂവാറിലെത്തിയ ബന്ധുക്കളാണ് ഇത് സനുവിന്റേതല്ലെന്ന് ഉറപ്പാക്കിയത്. നേരത്തെ ആലുവയില്‍നിന്ന് കണ്ടെടുത്ത മറ്റൊരു മൃതദേഹവും ഇയാളുടേതാണെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും അതും സനുവിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു

അതേസമയം, സനു മകള്‍ വൈഗയെ കൊലപ്പെടുത്തിയതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ കങ്ങരപ്പടിയിലെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നു ലഭിച്ച രക്തക്കറ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫ്‌ളാറ്റില്‍ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്ബോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നെന്നും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ അന്വേഷണസംഘം മനസിലാക്കിയിട്ടുണ്ട്.

ഇതിനിടെ, വൈഗയുമായി പിതാവ് സനുമോഹന്‍ രണ്ടു മാസമായി അകല്‍ച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പോലീസിന് മൊഴി നല്‍കി. നേരത്തെ വലിയ സ്‌നേഹം കാണിച്ചിരുന്ന ഭര്‍ത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്.സനുമോഹനെ കാണാതായി ഒന്നരയാഴ്ചയായിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാതെ കേസില്‍ ദുരൂഹത നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസ് വീണ്ടും രമ്യയുടെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!