കത്തിക്കയറി ജോസ് ബട്ട്‌ലര്‍; ചിന്നസ്വാമിയില്‍ ആര്‍സിബിയെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ സ്വന്തം തട്ടകത്തില്‍ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. എട്ടു വിക്കറ്റിനായിരുന്നു ചിന്നസ്വാമിയില്‍ ഗുജറാത്തിന്റെ ജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെയും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ സായ് സുദര്‍ശന്റെയും ഇന്നിങ്‌സുകളാണ് ഗുജറാത്തിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്. 39 പന്തില്‍ നിന്ന് ആറു സിക്‌സും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ബട്ട്‌ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട സുദര്‍ശന്‍ 49 റണ്‍സെടുത്തു. ഒരു സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ സുദര്‍ശന്‍ – ബട്ട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 75 റണ്‍സ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.
സുദര്‍ശന്‍ പുറത്തായ ശേഷം ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ കൂട്ടുപിടിച്ച് ബട്ട്‌ലര്‍ ടീമിനെ വിജയത്തിലെത്തിച്ചു. റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സടിച്ചു. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ ബട്ട്‌ലര്‍ – റുഥര്‍ഫോര്‍ഡ് സഖ്യം 63 റണ്‍സ് ചേര്‍ത്തു.
നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആര്‍സിബിക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 169 റണ്‍സായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിങ്‌സ്റ്റണും ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 40 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒരു ഫോറുമടക്കം 54 റണ്‍സെടുത്ത ലിവിങ്‌സ്റ്റണാണ് അവരുടെ ടോപ് സ്‌കോറര്‍.
6.2 ഓവറില്‍ 42 റണ്‍സിനിടെ വിരാട് കോലി (7), ദേവ്ദത്ത് പടിക്കല്‍ (4), ഫില്‍ സാള്‍ട്ട് (14), ക്യാപ്റ്റന്‍ രജത് പടിദാര്‍ (12) എന്നിവരെ നഷ്ടമായി മോശം തുടക്കമായിരുന്നു ആര്‍സിബിയുടേത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലിവിങ്‌സ്റ്റണ്‍ – ജിതേഷ് ശര്‍മ സഖ്യമാണ് അവരെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 33 റണ്‍സെടുത്ത ജിതേഷിനെ മടക്കി സായ് കിഷോറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ക്രുണാല്‍ പാണ്ഡ്യയ്ക്കും (5) കാര്യമായ സംഭാവന നല്‍കാനായില്ല.
എന്നാല്‍ ആറാം വിക്കറ്റില്‍ ലിവിങ്സ്റ്റണിനൊപ്പം ടിം ഡേവിഡ് എത്തിയതോടെ ആര്‍സിബി സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍വെച്ചു. 24 പന്തില്‍ നിന്ന് ഈ സഖ്യം 46 റണ്‍സടിച്ചു. ഇതിനിടെ 19-ാം ഓവറില്‍ ലിവിങ്‌സ്റ്റണെ സിറാജ് മടക്കി. എന്നാല്‍ തകര്‍ത്തടിച്ച ഡേവിഡ് 18 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 32 റണ്‍സോടെ പുറത്താകാതെ നിന്നു.
ഗുജറാത്തിനായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍ രണ്ടു വിക്കറ്റെടുത്തു.