KSDLIVENEWS

Real news for everyone

അമേരിക്കയിലെ ടെക്സാസിൽ വിമാനം തകർന്ന് അഞ്ച് മരണം; മരിച്ചത് ടൂർണമെന്റിന് പുറപ്പെട്ട പിക്കിൾബോൾ താരങ്ങൾ

SHARE THIS ON

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ പിക്കിൾബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്ന് അഞ്ച് മരണം. ടെക്സാസ് ഹിൽ കൺട്രിയിലെ വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും നാല് യാത്രക്കാരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ടെക്സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽ നിന്ന് 40 മൈൽ തെക്കുപടിഞ്ഞാറുള്ള വിംബർലി നഗരത്തിലാണ് അപകടം നടന്നത്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇവർ ടെക്സാസിലെ അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ അംഗങ്ങളാണെന്ന് ക്ലബ്ബ് ഭാരവാഹികൾ സ്ഥിരീകരിച്ചു. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ദുരന്തം.

ടേക്ക് ഓഫിന് മുമ്പ് എഞ്ചിനിൽ പുക! നാല് യാത്രക്കാർക്ക് പരിക്ക് 
അമറില്ലോയിൽ നിന്ന് പറന്നുയർന്ന സെസ്ന 421സി (Cessna 421C) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ബ്രൗൺഫെൽസ് നാഷണൽ എയർപോർട്ടിലേക്കായിരുന്നു ഇവരുടെ യാത്ര. വിമാനം വനപ്രദേശത്ത് പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. വിമാനം തകരുന്ന ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി. ഭൂമി കുലുങ്ങുന്നതുപോലെയുള്ള അനുഭവം ഉണ്ടായെന്നും വീടിന് തീപിടിച്ചതാണോ എന്ന് ഭയന്നുവെന്നും പ്രദേശവാസി പറഞ്ഞു.

ടൂർണമെൻ്റ് മാറ്റിവെച്ചു

ന്യൂ ബ്രൗൺഫെൽസിലെ ക്രാങ്കി പിക്കിൾ എന്ന വേദിയിൽ നടക്കാനിരുന്ന ടൂർണമെന്റിൽ പങ്കെടുക്കാനാണ് താരങ്ങൾ എത്തിയത്. അപകടത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മത്സരങ്ങൾ സംഘാടകർ റദ്ദാക്കി. മരിച്ച താരങ്ങളോടുള്ള ആദരസൂചകമായി ശനിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷം മാത്രമേ മത്സരങ്ങൾ ആരംഭിക്കൂ എന്ന് സംഘാടകർ അറിയിച്ചു. പിക്കിൾബോൾ സമൂഹം വളരെ സുദൃഢമായ ബന്ധമുള്ളവരാണെന്നും ഈ വിയോഗം വലിയ ആഘാതമാണെന്നും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

രണ്ടാമത്തെ വിമാനം രക്ഷപ്പെട്ടു

അമറില്ലോയിൽ നിന്ന് രണ്ട് വിമാനങ്ങളിലായാണ് താരങ്ങൾ പുറപ്പെട്ടിരുന്നത്. ഇതിൽ രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തകർന്നു വീണ വിമാനം നിയന്ത്രണം വിട്ട രീതിയിൽ ചലിച്ചതായും തുടർന്ന് റഡാറിൽ നിന്ന് കാണാതായതായും എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. അപകട സമയത്ത് മേഖലയിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. ഫെഡറൽ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

error: Content is protected !!