KSDLIVENEWS

Real news for everyone

ചൈനയില്‍ 13-ാം നൂറ്റാണ്ടിലെ പള്ളി തകര്‍ക്കാന്‍ ഭരണകൂടം; പ്രതിഷേധവുമായി ഹൂയി മുസ്‌ലിംകള്‍

SHARE THIS ON

ബെയ്ജിങ്: ചൈനയിലെ പുരാതന മുസ്‌ലിം പള്ളി തകര്‍ക്കാനുള്ള ഭരണകൂട നീക്കത്തില്‍ വൻ പ്രതിഷേധമുയരുന്നു. ചൈനയിലെ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ ചരിത്രപ്രസിദ്ധമായ നാജിയായിങ് മസ്ജിദാണ് തകര്‍ക്കാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ മുസ്‌ലിംകളുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധമാണ് നടക്കുന്നത്. യുനാനിലെ നാഗു നഗരത്തിലാണ് നാജിയായിങ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1370ല്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന പള്ളി യുനാനിലെ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. ചൈനയിലെ ഒരു കോടിയോളം വരുന്ന ഹ്യൂയ് മുസ്‌ലിം വംശജരില്‍ ഏഴു ലക്ഷത്തോളം പേര്‍ കഴിയുന്നത് യുനാനിലാണ്. ഹ്യൂയ് വംശജരുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള പള്ളി കൂടിയായ നാജിയായിങ്ങിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. പള്ളിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുൻപ് വികസനപ്രവൃത്തികള്‍ നടന്നിരുന്നു. പുതുതായി മിനാരങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2020ല്‍ ചൈനീസ് കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കാനെന്നു പറഞ്ഞാണ് ഇപ്പോള്‍ പ്രാദേശിക ഭരണകൂടം പള്ളിയില്‍ പൊളിക്കല്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. തങ്ങളുടെ അവസാനത്തെ അഭിമാനകേന്ദ്രമാണ് നാജിയായിങ് മസ്ജിതെന്ന് നാട്ടുകാര്‍ പറയുന്നു. പള്ളി തകര്‍ക്കുന്നത് തങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നതു പോലെയാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ക്രെയിനുകളുമായി അധികൃതര്‍ സ്ഥലത്തെത്തിയത്. എന്നാല്‍, ആയിരക്കണക്കിനു വിശ്വാസികള്‍ സ്ഥലത്തുതടിച്ചുകൂടി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നടപടി നീട്ടിവച്ചിരിക്കുകയാണ്. പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരത്തിലേറെ ഹ്യൂയ് പള്ളികളുടെ താഴികക്കുടങ്ങളും മിനാരങ്ങളും ചൈനീസ് അധികൃതര്‍ തകര്‍ത്തിട്ടുണ്ടെന്ന് ‘സി.എൻ.എൻ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ വിവിധ മതങ്ങളെയെല്ലാം ‘ചൈനീസ്‌വല്‍ക്കരിക്കുമെ’ന്ന് 2021ല്‍ പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി സ്ഥലങ്ങളില്‍ അറബ് മാതൃകയിലുള്ള പള്ളികളുടെ വാസ്തുവിദ്യകള്‍ മാറ്റാനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായിരുന്നു. Summary: Thousands Hui Muslims protest against Chinese authorities over the planned demolition of 13th-century Najiaying Mosque in Nagu town in Yunnan province

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!