ലഡാക്കിൽ വീണ്ടും ചൈനീസ് പ്രകോപനം ; സജ്ജമായിരിക്കാൻ സേനാവിഭാഗങ്ങൾക്ക് നിർദേശം , അതിർത്തിയിൽ നിർണായക നീക്കം
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൈന പ്രകോപനം ആവര്‍ത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്തു നിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയ വിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു. ഇരുരാജ്യങ്ങളും ആശയ വിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനവും സ്ഥിരതയും കണ്ടെത്തണമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.
ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലെ ചുമാര്‍ സെക്ടറിലാണ് ചൈനയുടെ പ്രകോപനമുണ്ടായത്. വിഷയത്തെ ഇന്ത്യന്‍ സൈന്യം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.
മുമ്ബ് അഞ്ച് തവണയായി നടന്ന സൈനികതല ചര്‍ച്ചയിലും നാലുതവണ നടന്ന നയതന്ത്ര ചര്‍ച്ചയിലും രൂപപ്പെടുത്തിയ ധാരണകള്‍ പാലിക്കാന്‍ ചൈന തയ്യാറായില്ല. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടാകുന്നത്.
ഓഗസ്റ്റ് 30- ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ചര്‍ച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. വിഷയത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള മേല്‍കൈ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്. ഇവിടെയുള്ള ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളയുകയും ചെയ്തു. എന്നാല്‍ ഇനിയും മുന്നോട്ടു പോകരുതെന്ന് സൈന്യം ചൈനീസ് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തടയാന്‍ ഇന്ത്യന്‍ സൈന്യം അവിടെ നിലയുറപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കൂടുതല്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അവിടേക്ക് വിന്യസിച്ചത്.
ചര്‍ച്ചകളിലുണ്ടായ ധാരണകള്‍ പാലിക്കാതെ പാംഗോങ് തടാകത്തിലെ പ്രദേശങ്ങളില്‍ നിന്ന് ചൈന പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇവിടെ ചൈനീസ് അതിക്രമം ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി കണ്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ ചൈനീസ് സൈന്യം ചാരവൃത്തിക്കായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഇന്ത്യന്‍ സൈന്യം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്‍മര്‍ സന്ദര്‍ശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അയല്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്നും അമേരിക്ക പറയുന്നു.