കല്ലക്കട്ടയിലെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു പോലീസിന് കൈമാറി
വിദ്യാനഗർ: കാസർഗോഡ് സിവിൽ സ്റ്റേഷനിൽ നിന്നും നാല് കിലോ മീറ്റർ മാത്രം ദൂരമുള്ള കല്ലക്കട്ടയിലെ ജന വാസ കേന്ദ്രത്തിൽ ആളില്ല തക്കം നോക്കി തള്ളാനെത്തിയ മലിന്യ ലോറി നാട്ടുകാർ തടഞ്ഞു പിടിച്ച് പോലീസിന് കൈമാറി. വിദ്യാനഗർ-മുണ്ട്യത്തടുക്ക റോഡിൽ കല്ലക്കട്ടയിലെ കുന്നിൻചരിവിൽ മാലിന്യം തള്ളാനെത്തിയ ലോറിയാണ് പിടിച്ചത്. സമീപവാസികളായ കെ.വി. ബൈജു, ഹാരീസ്, സത്താർ, ജയരാജ്, അണു, ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്.
കാസർകോട് നഗരത്തിലെയും പരിസരങ്ങളിലെയും ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് തള്ളുന്നത്. നഗരത്തിലെയും പരിസരങ്ങളിലെയും മാലിന്യനീക്കത്തിന് കരാറെടുത്ത ചട്ടഞ്ചാൽ സ്വദേശികളാണ് ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.നാറ്റംകാരണം പരിസരത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴവെള്ളത്തിൽ മാലിന്യം കുത്തിയൊലിച്ച് വീടുകൾക്ക് മുന്നിലും കിണറുകളിലുമെത്തുന്നു.
മാലിന്യം തള്ളുന്നത് ആരോഗ്യപ്രശ്നത്തിനിടയാക്കിയതോടെയാണ് നാട്ടുകാർ തിരുവോണദിവസം ലോറി തടഞ്ഞ് പോലീസിനെ അറിയിച്ചത്.Share