KSDLIVENEWS

Real news for everyone

രണ്ടാളെ കൊന്നതിന് പകരം വേറെ രണ്ടാളെ കൊല്ലുകയെന്നത് പാര്‍ട്ടി സമീപനമല്ല; ഒരു അക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്: കോടിയേരി

SHARE THIS ON

കൊച്ചി :സഖാക്കളെ പ്രകോപിതരാക്കി കേരളത്തില്‍ അരക്ഷിതാവസ്ഥ എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാളെ കൊന്നതിന് പകരം വേറെ രണ്ടാളെ കൊല്ലുക എന്നുളളത് സി പി എമ്മിന്റെ സമീപനമല്ലെന്നും കോടിയേരി പറഞ്ഞു. സമാധാനം തകര്‍ക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ ആരും പെട്ടുപോകരുതെന്നും അദ്ദേഹം അണികളോട് പറഞ്ഞു. സി പി എം കരിദിനാചാരണത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

ഒരക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുകയോ അക്രമം നടത്തുകയോ അരുത്. അത് പാര്‍ട്ടി അംഗീകരിക്കില്ല. പ്രതിഷേധം സമാധാനപരമായിരിക്കണം. അക്രമം നടത്തിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ ഒററപ്പെടുത്തണം. അമര്‍ഷവും രോഷവും പ്രതികാരവും പ്രകടിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിക്കൊണ്ടായിരിക്കണമെന്നും കോടിയേരി പറഞ്ഞു.

തളിപ്പറമ്പില്‍ ഒരു ലീഗുകാരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ആ കേസില്‍ സി പി എമ്മിന്റെ നേതാവായ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത് അവര്‍ക്ക് ഈ സംഭവം അറിയാമായിരുന്നു തടഞ്ഞില്ല എന്നുപറഞ്ഞാണ്. 118-ാം വകുപ്പ് ചുമത്തി ടി വി രാജേഷിനേയും പി ജയരാജിനെയും ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇവിടെ കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അടൂര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടിയരി ചോദിച്ചു.

സ്വര്‍ണക്കടത്തു കേസ് ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാം എന്നായിരുന്നു ബി.ജെ.പിയും കോണ്‍ഗ്രസും കണക്കുകൂട്ടിയിരുന്നത്. അത് തെറ്റി. തുടര്‍ന്ന് ധാരാളം കഥകള്‍ പ്രചരിപ്പിച്ചു. അതൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ സാധിച്ചില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുളളില്‍ ഉളള വിശ്വാസം ഉറപ്പിക്കാന്‍ അവിശ്വാസപ്രമേയം സഹായിച്ചുവെന്നും കോടിയേരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!