KSDLIVENEWS

Real news for everyone

ഭരണം നടത്തിയാൽ മതി, മതം വ്യാഖ്യാനിക്കേണ്ട; മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം സംഘടനയായ എസ് എസ് എഫ്

SHARE THIS ON

കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന വിദ്യാർഥി സംഘടനകൾ. മതം വ്യാഖ്യാനിക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ഭരണം നടത്തണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. ‘മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമ്മം, മുഖ്യമന്ത്രി ഭരണം നടത്തുക’, എസ്എസ്എഫിന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തി. ഇന്നലെ ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നട്ടെല്ലിന്റെ ഉറപ്പ് പരിശോധിച്ചപ്പോൾത്തന്നെ അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന പ്രതീക്ഷിച്ചതാണെന്ന് റഹ്‌മത്തുള്ള ഫൈസി പറഞ്ഞു.

കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നിൽവെച്ചു വേണ്ടേ മുഖ്യമന്ത്രിയെപ്പോലുള്ള ഒരാൾ അടർത്തിയെടുത്ത ഒരു വാക്കിന് അർത്ഥം കൽപ്പിക്കാൻ? അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേർന്നുള്ള രംഗപ്രവേശമാണ് വലിയ നാശമുണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞത്. ഇത് പണ്ടേ പറയുന്നതും എല്ലാ രക്ഷിതാക്കളും അവരുടെ മക്കളെ ഓർമിപ്പിക്കുന്നതുമാണ്. ഇനി അങ്ങനെ കൂടിക്കലർന്ന് നിയന്ത്രണമില്ലാതെ പെരുമാറിയാൽ എന്ത് നാശമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ കണക്ക് പറഞ്ഞുതരും’, എസ് വൈഎസ് നേതാവ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളുടെ കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും എസ്‌വൈഎസ് നേതാവ് അവകാശപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ പ്രസിഡണ്ട് ഒരു വനിതയാണ്. നിരവധി ജഡ്ജിമാരും വക്കീലുമാരും വനിതകളുണ്ട്. പട്ടാളത്തിലും പോലീസിലും നല്ല സ്ത്രീസാന്നിധ്യമുണ്ട്. സ്ത്രീകൾക്കായി മാത്രം വനിതാ കമ്മീഷനുമുണ്ട്, സ്ത്രീ പീഡനത്തിനെതിരെ ശക്തമായ നിയമവും നമ്മൾ നിർമിച്ചിട്ടുണ്ട്. എന്നിട്ടുമെന്തേ സ്ത്രീ പീഡനത്തിന്റെ തോത് മേലോട്ടുതന്നെ കുതിക്കുന്നു? പ്രതികൾ തൊണ്ണൂറ്റിയഞ്ചു ശതമാനവും പുരുഷന്മാരാണ്. ഇവിടെയാണ് സ്ത്രീകൾക്ക് ആപത്ത് വരാതിരിക്കാൻ അനിയന്ത്രിതമായ രംഗപ്രവേശം, സ്ത്രീ-പുരുഷ സങ്കലനം ഒരു പ്രധാന കാരണമാകുന്നുണ്ട് എന്ന മത നേതാക്കളുടെ വീക്ഷണം പ്രസക്തമാകുന്നത്. ഇതിൽ വസ്തുതയുണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഇടപെടേണ്ട ഉത്തരവാദിത്തപ്പെട്ടവർ ആരെയെങ്കിലും ഭയന്നോ മാധ്യമ അജണ്ടക്ക് തലവെച്ചോ ബാലിശമായ പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ, കുറിപ്പിൽ പറയുന്നു.

error: Content is protected !!