കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; തിരുവനന്തപുരത്ത് വരുന്നത് രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ, ചെലവ് 8,000 കോടി; രൂപരേഖ സമർപ്പിച്ചു

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. നേരത്തെ ഡി.എം.ആർ.സി. രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും ഇതിൽ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതുക്കുകയായിരുന്നു.
31 കിലോമീറ്റർ ദൂരമാണ് തിരുവനന്തപുരത്ത് ആദ്യഘട്ടമായി മെട്രോ ആസൂത്രണം ചെയ്യുന്നത്. പാപ്പനംകോട് നിന്നാണ് മെട്രോ തുടങ്ങുന്നത്. കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം എന്നിവിടങ്ങളിലൂടെ കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും. ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവയെല്ലാം ബന്ധിപ്പിച്ചാണ് മെട്രോ കടന്നുപോകുക. റോഡിന് മുകളിലൂടെയുള്ള നിർമാണമാണ് നിർദേശിച്ചിരിക്കുന്നത്.
8000 കോടി രൂപയോളമാണ് നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഈ തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള നിർദേശങ്ങളും രൂപരേഖയിൽ ഉൾപ്പെടുന്നുണ്ട്. കെ.എം.ആർ.എൽ. സമർപ്പിച്ചിരിക്കുന്ന രൂപരേഖ സംസ്ഥാന സർക്കാർ വിശദമായി പഠിക്കും. സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്
കൊച്ചി: മെട്രോയുടെ മൂന്നാംഘട്ടമായി വിഭാവനം ചെയ്യുന്ന അങ്കമാലിയിലേക്കുള്ള മെട്രോപ്പാതയുടെ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്.
അങ്കമാലിക്കായി നാല് അലൈൻമെന്റുകൾ പരിഗണനയിലുണ്ടായിരുന്നു. ഇതിൽ എയർപോർട്ട് വഴിയുള്ള പാതയാണ് നിലവിൽ പരിഗണനയിലുള്ളത്. ആലുവയിൽനിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുമാണ് മെട്രോപ്പാത ആസൂത്രണം ചെയ്തിരുന്നത്. എയർപോർട്ടിന് ശേഷം വീണ്ടും റോഡിന് മുകളിലൂടെ പാത കടന്നുപോകും.
15 സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണത്.
മെട്രോയെ എയർപോർട്ടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്. ഇതിനായി വളരെ നേരത്തെ തന്നെ ഗതാഗതപഠനമുൾപ്പെടെ നടത്തിയിരുന്നു. അങ്കമാലി റൂട്ട് യാഥാർഥ്യമായാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

