ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങള്‍ സജീവമാക്കി വീണ്ടും മമത; ഇന്ന് സ്റ്റാലിനുമായി കൂടിക്കാഴ്ച

ചെന്നൈ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമ ബംഗാളിന്റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ എല്‍. ഗണേശന്റെ ജ്യേഷ്ഠന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് മമത ചെന്നെയിലെത്തുന്നത്.
ഇന്ന് വൈകീട്ട് ചെന്നൈയിലെത്തുന്ന മമത തമിഴ്നാട് മുഖ്യമന്ത്രിയുടെ ക്യാമ്ബ് ഹൗസില്‍ വെച്ചായിരിക്കും സ്റ്റാലിനെ കാണുക. നാളെയാണ് ജന്മദിനാഘോഷം. മമത ഇന്ന് ചെന്നൈയില്‍ തങ്ങും. അതേസമയം പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഒരു താല്‍ക്കാലിക ഗവര്‍ണറുടെ സഹോദരന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ പോകുന്നത് ധൂര്‍ത്താണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ മമത നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും കള്ളപ്പണക്കേസില്‍ അറസ്റ്റിലായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മറികടക്കാനാണ് മമതയുടെ ശ്രമം.
2021 മെയില്‍ മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള നീക്കം മമത തുടങ്ങിയത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാനാണ് അവരുടെ ശ്രമം. സോണിയാ ഗാന്ധി, ശരത് പവാര്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ മരുമകനായ അഭിഷേക് ബാനര്‍ജിയാണ് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ത്രിപുര, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

