സമരക്കടലായി രാംലീല: ദീപാവലിക്ക് ശേഷം കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാൻ ഇന്‍ഡ്യ സഖ്യം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം. ഇന്നലെ നടന്ന മഹാറാലിയില്‍ നിന്നുണ്ടായ ഊര്‍ജം സംരക്ഷിച്ചുകൊണ്ട് തുടര്‍ പ്രതിഷേധങ്ങള്‍ ആലോചിക്കും. ദീപാവലിക്ക് ശേഷം രാജ്യതലസ്ഥാനത്ത് കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ കച്ചവടക്കാരുടെ പരാതികള്‍ പരിഗണിച്ചാണ് സമരപോരാട്ടങ്ങള്‍ ദീപാവലിക്ക് ശേഷം മതിയെന്ന് തീരുമാനിച്ചത്. അതുവരെ വിവിധ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തിവരുന്ന പ്രതിഷേധങ്ങള്‍ തുടരും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടികള്‍ സ്വന്തം നിലയിലും ബഹുജന സംഘടനകളും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും.
ഇന്നലെ ഡല്‍ഹിയിലെ രാംലീല മൈതാനി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി മാറിയിരുന്നു. വരും ദിവസങ്ങളില്‍ മോക്ക് പാര്‍ലമെന്റ് പോലെ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ ഏറ്റെടുക്കാനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് കൂടി ആലോചനകള്‍ കടക്കും.
അതിനായി പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള ഇടപെടലായിരിക്കും നേതാക്കള്‍ നടത്തുക. ഇന്നലെ നടന്ന മഹാറാലിയോടുകൂടി ഭിന്നിച്ചുനിന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില് എത്തിക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ മുന്നണി നേതാക്കള്‍.

