നാല് അല്ല ഗാല്‍വനില്‍ കൊല്ലപ്പെട്ടത് 38 സൈനികര്‍: ചൈനീസ് അവകാശ വാദം തെറ്റെന്ന് ഓസ്‌ട്രേലിയന്‍ പത്രം

ന്യൂഡൽഹി: ഗാൽവൻ താഴ്വരയിൽ 2020 ജൂണിലുണ്ടായ സംഘർഷത്തിൽ 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയൻ പത്രം. സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശവാദത്തിന്റെ ഒൻപത് ഇരട്ടിയാണ് യഥാർഥ സംഖ്യയെന്ന് ‘ദ ക്ലാക്സൺ’ പത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ‘ഗാൽവാൻ ഡീകോഡഡ്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാല് സൈനികർ മാത്രമാണ് ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് തിരുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഒരു സംഘം സോഷ്യൽ മീഡിയ ഗവേഷകർ ഒരു വർഷം നീണ്ടുന്ന പഠനത്തിനൊടുവിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ചൈനീസ് സാമൂഹ്യമാധ്യമമായ ‘വെയ്ബോ’ അടക്കമുള്ളവയുടെ ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അന്വേഷണം.
ജൂൺ 15-16 ദിവസങ്ങളിൽ സംഘർഷത്തിന്റെ പ്രാരംഭഘട്ടത്തിൽ, ഗാൽവാൻ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രാത്രിയിൽ,
സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങൾ ആദ്യം ഷിക്വാൻഹെ രക്തസാക്ഷി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് കൊല്ലപ്പെട്ട സൈനികരുടെ സ്വദേശങ്ങളിൽ മരണാനന്തര ചടങ്ങുകൾ നടത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗാൽവൻ ഏറ്റുമുട്ടലിൽ 20 സൈനികർ രക്തസാക്ഷികളായതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ 35ൽ അധികം സൈനികർ കൊല്ലപ്പെട്ടതായും സംഭവത്തിനു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.

