ആ ടാബ് എവിടെ? തോല്‍ക്കാന്‍ പോകുന്ന പോലീസിന്റെ പ്രതികാരമെന്ന് ദിലീപ്: പ്രതിഭാഗം വാദം ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹർജിയിൽ വാദം കേൾക്കുന്നത്. കേസിൽ പ്രതിഭാഗമാണ് ആദ്യം വാദം തുടങ്ങിയത്. ഗൂഢാലോചന കേസിന്റെ എഫ്.ഐ.ആറിൽ ഊന്നിയായിരുന്നു പ്രതിഭാഗം വാദം ആരംഭിച്ചത്. വാദത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
‘ഈ കേസിന്റെ എഫ്.ഐ.ആർ. നിലനിൽക്കില്ല. ശാപവാക്കുകളാണ് ദിലീപ് പറഞ്ഞത്. അതിനാൽ തന്നെ എഫ്.ഐ.ആർ. ദുർബലമാണ്. പഴയ കേസുമായി ബന്ധപ്പെട്ട മൊഴികൾ ഈ കേസുമായി ബന്ധിപ്പിക്കാനില്ല.
ഈ കേസിലെ മൊഴികൾ വിശ്വസിക്കരുത്. എഫ്.ഐ.ആർ ഇടാനായാണ് പുതിയ മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആർ. ഇടാനായി ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുകയായിരുന്നു. 2017-ലെ കേസിന്റെ അടിസ്ഥാനത്തിലാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു’.
എന്നാൽ പ്രത്യേക കുറ്റം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. കിട്ടുന്നവിവരങ്ങൾ അന്വേഷിക്കേണ്ടേ?, അന്വേഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേ എന്നും കോടതി ചോദ്യമുന്നയിച്ചു. തുടർന്ന് എഫ്.ഐ.ആറിലെ ഓരോ വാദങ്ങളും ചോദ്യംചെയ്ത് പ്രതിഭാഗം വാദം തുടർന്നു.
‘ചിലർ ചില കാര്യങ്ങൾ സംസാരിച്ചുവെന്ന പേരിൽ ദിലീപിനെതിരേ വൈരാഗ്യമുള്ള ഉദ്യോഗസ്ഥർ ഉണ്ടാക്കിയ എഫ്.ഐ.ആർ മാത്രമാണിത്. വ്യക്തിവിരോധമാണ് എഫ്.ഐ.ആറിന് പിന്നിൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തിലെ ചിലർക്ക് ദിലീപിനോട് വിരോധമുണ്ട്’. അതിന്റെഭാഗമായാണ് ഈ എഫ്.ഐ.ആറെന്നും ദിലീപിന് വേണ്ടി അഡ്വ. ബി.രാമൻപിള്ള കോടതിയിൽ വാദിച്ചു.
‘ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആർ. അന്വേഷണ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത്. ആരെയങ്കിലും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സംഭാഷണമല്ല ദിലീപ് നടത്തിയത്. ഉദ്യോഗസ്ഥരെ ട്രക്കിടിച്ചാൽ അത് തങ്ങളുടെ തലയിലാകുമെന്ന് പറഞ്ഞ വാക്കുകളാണ് വധഗൂഢാലോചനയെന്ന് പറയുന്നത്. ബാലചന്ദ്രകുമാർ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഒരിക്കലും വിശ്വാസത്തിലെടുക്കരുത്.’
ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയ്ക്കെതിരേയും പ്രതിഭാഗം വാദങ്ങൾ ഉന്നയിച്ചു. ‘ബാലചന്ദ്രകുമാർ ഒരു ടാബിലാണ് തന്റെ സംസാരം റെക്കോഡ് ചെയ്തതെന്നാണ് പറഞ്ഞത്. ആ ടാബ് എവിടെപോയി? എവിടെയാണോ ഒരു ഡിജിറ്റൽ തെളിവ് പ്രാഥമികമായി ശേഖരിക്കുന്നത്, ആ ഡിജിറ്റൽ ഉപകരണം തന്നെ ഹാജരാക്കണം. ബാലചന്ദ്രകുമാർ റെക്കോഡിങ് ലാപ്ടോപ്പിലേക്ക് മാറ്റി, ആ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു പെൻഡ്രൈവ് മാത്രമാണ് അന്വേഷണസംഘത്തിന് ബാലചന്ദ്രകുമാർ കൈമാറിയിരിക്കുന്നത്. ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം. കൈമാറിയ ശബ്ദരേഖ തന്നെ പൂർണമല്ല. പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ശബ്ദരേഖയിൽ. ഒരൊറ്റ സംഭാഷണല്ല ശബ്ദരേഖയിൽ. പലപ്പോഴായി പലയിടങ്ങളിൽനിന്നുള്ള സംഭാഷണശകലങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നത്.
സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും. സംവിധായകനായ ബാലചന്ദ്രകുമാറിന് എഡിറ്റ് ചെയ്യാനറിയാം. ബാലചന്ദ്രകുമാർ നൽകിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്മെന്റ് മാത്രമാണ് കേസിലെ ഏകതെളിവ്.
നടിയെ ആക്രമിച്ച കേസിൽ തോൽക്കുമെന്ന് പോലീസിന് ഉറപ്പായികഴിഞ്ഞു. ആ കേസ് തോൽക്കുമെന്ന് ഉറപ്പായപ്പോൾ പുതിയൊരു കേസുമായി ഇറങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരു വി.ഐ.പി. ഉണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊരാളെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ദിലീപിനെ എങ്ങനെയും കുടുക്കുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം’- പ്രതിഭാഗം വാദിച്ചു. ഇതോടെ ഗൂഢാലോചന കേസിനെ സംബന്ധിച്ച് മാത്രം പരാമർശിക്കൂ എന്ന് കോടതി പറഞ്ഞു.
എഫ്.ഐ.ആർ. അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു പ്രതിഭാഗത്തിന്റെ തുടർന്നുള്ള വാദം.
‘പൾസർ സുനിക്ക് പോലും പറയാനില്ലാത്ത കാര്യങ്ങളാണ് ബാലചന്ദ്രകുമാർ പറഞ്ഞിരിക്കുന്നത്. ബാലചന്ദ്രകുമാർ ഒരു തിരക്കഥയുണ്ടാക്കിയിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ തിരക്കഥ വൈഭവമാണ് പുതിയ കേസ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ കേസിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. വധഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ തന്നെ അത് എങ്ങനെ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അത് ലോക്കൽ പോലീസ് അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ലോക്കൽ പോലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിലേക്ക് പോയെന്നും’ പ്രതിഭാഗം ചോദിച്ചു.
ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള തർക്കം എങ്ങനെ തുടങ്ങുന്നുവെന്ന് പ്രതിഭാഗം വിശദീകരിച്ചു. പിക്ക് പോക്കറ്റ് എന്ന സിനിമയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തിരുന്നു. ഏത് സാഹചര്യത്തിലാണ് ദിലീപിന് ബാലചന്ദ്രകുമാറിനെ ഒഴിവാക്കേണ്ടിവന്നതെന്നും പ്രതിഭാഗം വിശദീകരിച്ചു.
പിക്ക് പോക്കറ്റ് എന്ന സിനിമ താൻ ഉപേക്ഷിച്ചെന്നും പകരം അമേരിക്കയിലെ സുഹൃത്തുമായുള്ള തർക്കം പരിഹരിക്കണമെന്നും ബാലചന്ദ്രകുമാർ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിലേക്കും കേസിലേക്കും നയിച്ചത്. പ്രവാസിയുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് ബാലചന്ദ്രകുമാറിന്റെ വിരോധത്തിന് കാരണം.
അതിനിടെ, പ്രതിഭാഗത്തിന്റെ വാദത്തിൽ കോടതി ചില സംശങ്ങൾ ഉന്നയിച്ചു. ഗൂഢാലോചനാക്കുറ്റം സ്വതന്ത്ര്യമായി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചനാക്കുറ്റം സ്വതന്ത്ര്യമായി നിലനിൽക്കുമെന്നതിനാൽ മറ്റ് തെളിവുകൾ ഇല്ലെങ്കിലും ആ കുറ്റത്തിൽ അന്വേഷണം നടത്തുന്നതിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു.

