KSDLIVENEWS

Real news for everyone

യുക്രൈന്‍ അതിര്‍ത്തിയില്‍ വൻതോതില്‍ സൈനികരെയും പടക്കോപ്പും വിന്യസിച്ച് റഷ്യ; ആശങ്കയില്‍ ലോകം

SHARE THIS ON

ന്യൂഡൽഹി: ആക്രമണത്തിന് തയ്യാറെടുക്കുന്നെന്ന സൂചനകൾ നൽകി യുക്രൈൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും വിന്യസിച്ച് റഷ്യ. ഇതിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങളടക്കം പുറത്തുവന്നു.




ഇതിനുപിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാൻ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

വലിയ സൈനിക വിന്യാസമാണ് ക്രിമിയയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലും കാണാൻ സാധിക്കുന്നത്. സൈനികർ മാത്രമല്ല, ആയുധങ്ങൾ, കവചങ്ങൾ, പീരങ്കികൾ എന്നിവയുടെ വൻശേഖരവും ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ പലതും ദൂരെയുള്ള താവളങ്ങളിൽ നിന്ന് ട്രെയിനിൽ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ഇതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.




ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയിൽ റഷ്യൻ സൈന്യം നിർമ്മിച്ച് വിന്യസിച്ച മൊബൈൽ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ സംവിധാനമായ ഇസ്കന്ധർ അടക്കം വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

2014-ൽ റഷ്യ പിടിച്ചെടുത്ത യുക്രൈനിയൻ പ്രദേശമായ ക്രിമിയയിലും ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


അധിനിവേശത്തിനുള്ള ഒരു പദ്ധതിയും റഷ്യയ്ക്കില്ലെന്ന് അവരുടെ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായുള്ള യുക്രൈനിന്റെ വർദ്ധിച്ചുവരുന്ന ബന്ധങ്ങളിൽ തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് റഷ്യ പറയുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.



അമേരിക്കയും നാറ്റോ സേനയും റഷ്യയുടെ നടപടികളെ പ്രതിരോധിക്കാൻ ശക്തമായി രംഗത്തുവന്ന് യുക്രൈനിന് പൂർണപിന്തുണ നൽകുന്നതിനാൽ പെട്ടെന്നുള്ള സൈനിക നടപടിയിലേക്ക് റഷ്യ പോകില്ലെന്നാണ് കരുതുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ള സൈനിക വിന്യാസം ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!